തൊഴിലാളികളുടേയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും പോരാട്ടങ്ങളിലൂടെ അധികാരത്തില്‍ വന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. തൊഴിലാളി പ്രവര്‍ത്തകരേയും തൊഴില്‍ സമരങ്ങളേയും തെരുവില്‍ നേരിടുന്ന ഗുണ്ടാപണി കേരളത്തിലെ പൊലീസിന് ഭൂഷണമല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു പറഞ്ഞു. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തമില്ലാത്തവരാണ് ഒരുനേരത്തെ ആഹാരത്തിനും ജീവിതത്തിനുമായി വഴിയോര കച്ചവടം ചെയ്യുന്ന നിരാലംബരായ മനുഷ്യര്‍. അവര്‍ക്ക് അനുകൂലമായ നിരവധി കോടതി ഉത്തരവുകള്‍ പോലുമുണ്ട്. അതെല്ലാം ലംഘിച്ചുകൊണ്ട് നഗരസഭ ഭരണാധികാരികള്‍ നടത്തുന്ന ധാര്‍ഷ്ട്യത്തിനും തോന്ന്യവാസങ്ങള്‍ക്കും വിടുപണി ചെയ്യാന്‍ പൊലീസിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈക്കത്തിന്റെ മണ്ണില്‍ ഏതൊരു പ്രതിസന്ധിയെയും നേരിടാന്‍ കരുത്തുള്ളതാണ് കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനമെന്ന് നഗരം വാഴുന്ന തമ്പുരാക്കന്‍മാര്‍ ഓര്‍ക്കണമെന്നും വി ബി ബിനു കൂട്ടിച്ചേര്‍ത്തു. വഴിയോര കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കുന്നത് തടഞ്ഞ സിപിഐ‑എഐടിയുസി നേതാക്കളേയും തൊഴിലാളികളേയും തെരുവില്‍ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ സംഘടിപ്പിച്ച വൈക്കം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഐടിയുസി മണ്ഡലം സെക്രട്ടറി പി എസ് പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍, ജില്ലാ അസി സ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി എന്‍ രമേശന്‍, സി കെ ആശ എംഎല്‍എ, മണ്ഡലം സെക്രട്ടറി സാബു പി മണലൊടി എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം വലിയകവല പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍നിന്ന് ആരംഭിച്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. ബിനു ബോസ്, ഇ എന്‍ ദാസപ്പന്‍, പി ജി ത്രിഗുണസെന്‍, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ പി സുഗതന്‍, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത് കുമാര്‍, എ സി ജോസഫ്, ഡി ബാബു, കെ എസ് രത്‌നാകരന്‍, കെ കെ ചന്ദ്രബാബു, കെ ഡി വിശ്വനാഥന്‍, ബിജു കണ്ണേഴത്ത്, എസ് ബിജു, പി എസ് പുഷ്പമണി, മായാ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.