Site iconSite icon Janayugom Online

വാഗ്ദാനം പാലിച്ച് സജു തോമസ്; നിർധന കുടുംബത്തിന്റെ വീട് അറ്റകുറ്റ പണികൾ നടത്തി നൽകി

കയറിക്കിടക്കാൻ കഴിയാത്ത പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന മാന്നാർ കുട്ടമ്പേരൂർ പതിനൊന്നാം വാർഡ് ഭക്തി വിലാസം കിഴക്കേതിൽ മുരുകൻ ആചാരിക്ക് വീടിന്റെ അറ്റകുറ്റ പണികൾ നടത്തി നൽകിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് വാർഡ് അംഗം സജു തോമസ്.സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്ത് 20 വർഷം മുൻപ് പഞ്ചായത്തിൽ നിന്ന് ലഭിച്ച 28500 രൂപക്ക് നിർമിച്ച ഒറ്റ മുറി വീട്ടിലായിരുന്നു മുരുകനാചാരിയും ഭാര്യ രാധാമണിയും താമസിച്ചിരുന്നത്. ഈ വീടിന്റെ ഉൾവശം എല്ലാം പൊട്ടി പൊളിഞ്ഞ് കയറി കിടക്കാൻ കഴിയാത്ത നിലയിലും ഭക്ഷണം പാകം ചെയ്യുന്നതിനായുള്ള അടുക്കള ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലും ആയിരുന്നു.

മൂന്ന് മാസം മുമ്പ് നടന്ന മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന സജു തോമസ് വോട്ട് അഭ്യർത്ഥിച്ച് ഭവന സന്ദർശനം നടത്തുന്ന വേളയിലാണ് പ്രമേഹ രോഗം മൂർച്ചിച്ച് ഇടതുകാൽ മുറിച്ച് മാറ്റി വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന മുരുകന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ കണ്ടത്. തിരഞ്ഞെടുപ്പിൽ വിജയിച്ചാലും ഇല്ലെങ്കിലും ഈ സാധു കുടുംബത്തിന് കയറി കിടക്കാൻ കഴിയുന്ന തരത്തിൽ വീടിന്റെ അറ്റകുറ്റ പണികൾ നടത്തി നൽകുമെന്ന് അന്ന് നൽകിയ വാഗ്ദാനമാണ് സജു തോമസ് പാലിച്ചത്. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡും കുടുംബശ്രീയും ചേർന്ന് നടത്തിയ ഓണച്ചന്തയിൽ നിന്ന് ലഭിച്ച ലാഭവും സുമനസുകൾ നൽകിയ സഹായവും ചേർത്ത് 30000 രൂപയോളം ചിലവാക്കിയാണ് അറ്റകുറ്റപണികൾ നടത്തി വീട് വാസയോഗ്യമാക്കി നൽകിയത്.

Exit mobile version