സംസ്ഥാനത്ത് മത്തിക്ക് വില ഉയരുന്നു. ഇരുനൂറ്റിയമ്പത് മുതൽ മൂന്നൂറ്റി ഇരുപത് രൂപ വരെയാണ് വിപണി വില. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തി കിട്ടാക്കനിയായത്. കടലിൽ ഇറങ്ങുന്ന ചുരുക്കം വള്ളങ്ങളിൽ നിന്ന് മാത്രമാണ് മത്തി കിട്ടുന്നത്.
എന്നാൽ ട്രോളിംഗ് നിരോധനം തുടങ്ങിയത് മുതൽ മത്തി കിട്ടാനില്ല. കഴിഞ്ഞ ദിവസം കിലോ മത്തിക്ക് 320 രൂപ വരെയെത്തി. വില എത്ര താഴ്ന്നാലും 250ന് മുകളിൽ തന്നെ. തമിഴ‍്‍നാട്ടിൽ നിന്ന് ചെറിയ മത്തി എത്തുന്നുണ്ടെങ്കിലും നമ്മുടെ മത്തിയോടുള്ള മമത മലയാളികൾക്ക് അതിനോടില്ല.
കടലിൽ ചൂട് കൂടിയതോടെ മത്തി കുറഞ്ഞ് വരികയാണ്. മത്സ്യത്തൊഴിലാളികളുടെ ഈ ആശങ്ക സിഎംഎഫ്ആർഐ പോലുള്ള പഠന സംഘങ്ങളും ശരിവെച്ചിരുന്നു. സാധാരണ മത്തി കുറഞ്ഞാൽ അയല കൂടുമെന്ന പൊതുകണക്കും ഇപ്പോൾ തെറ്റുകയാണ്.
കാലാവസ്ഥാ വ്യതിയാനം കടലിനെയാകെ ഉലയ്ക്കുകയാണ്. ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും. അത് കഴിഞ്ഞാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് തീരദേശ മേഖല.
English summary;Sardine prices are rising in the state
You may also like this video;