Site iconSite icon Janayugom Online

സീപ്ലെയിൻ പദ്ധതി: എഐടിയുസി ഒപ്പ് ശേഖരണം നാളെ മുതൽ

മത്സ്യബന്ധന മേഖലയിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സാർവദേശീയ മത്സ്യത്തൊഴിലാളി ദിനമായ നാളെ മുതൽ ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടത്തുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജനറൽ സെക്രട്ടറി ടി രഘുവരനും അറിയിച്ചു. മാട്ടുപെട്ടി ഡാമിലേക്കുള്ള സീപ്ലെയിന്‍ പദ്ധതി ആരംഭിച്ചത് മത്സ്യബന്ധന കേന്ദ്രമായ ബോൾഗാട്ടിയിൽ നിന്നാണെന്ന് അവർ ചൂണ്ടിക്കാട്ടി. എയർപോർട്ടിൽ നിന്നും ഡാമുകളിലേക്ക് സീപ്ലെയിൻ പദ്ധതി നടപ്പിലാക്കുന്നതിന് മത്സ്യത്തൊഴിലാളി സംഘടനകൾക്ക് എതിർപ്പില്ല. പക്ഷേ ഇത് സംബന്ധിച്ച് ടൂറിസം വകുപ്പ് ആദ്യം പ്രസിദ്ധീകരിച്ച അറിയിപ്പിൽ വേമ്പനാട്, അഷ്ടമുടി കായലുകൾ ലക്ഷ്യം വയ്ക്കുന്നുവെന്നതിൽ പ്രതിഷേധം നിലനിൽക്കുന്നതായി അവർ അറിയിച്ചു. വേമ്പനാട് കായലിന്റെ ജല സംഭരണശേഷി 85 ശതമാനം കുറഞ്ഞുവെന്ന പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും അതിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ സീപ്ലെയിൻ പദ്ധതിയിലേക്ക് ലക്ഷ്യംവയ്ക്കുന്നത് മത്സ്യമേഖലയുടെ താല്പര്യങ്ങൾക്കെതിരാണെന്നും അവർ പറഞ്ഞു.

Exit mobile version