Site icon Janayugom Online

അഡാനി ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണം

അഡാനി ഗ്രൂപ്പിനെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതിയ അന്വേഷണം ആരംഭിച്ചു. ഗൗതം അഡാനിയുടെ സഹോദരന്‍ വിനോദ് അഡാനിക്ക് ബന്ധമുള്ള മൂന്ന് വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ചട്ടലംഘനം ഉണ്ടായോ എന്നാണ് പരിശോധിക്കുക.

മൗറിഷ്യസ് ആസ്ഥാനമായുള്ള ക്രുനാല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ഗാര്‍ഡേനിയ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായുള്ള ഇലക്ട്രോജന്‍ ഇന്‍ഫ്രാ എന്നിവയുമായുള്ള ഇടപാടുകളില്‍ റിലേറ്റഡ് പാര്‍ട്ടി ഇടപാട് ചട്ടങ്ങളുടെ ലംഘനം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി അഡാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യാത്ത സ്ഥാപനങ്ങളുമായി ഈ മൂന്ന് കമ്പനികളും നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ നിയമ പ്രകാരം, ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ അടുത്ത ബന്ധുക്കള്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ റിലേറ്റഡ് പാര്‍ട്ടികളായി കണക്കാക്കപ്പെടും. അത്തരം സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരുമായുള്ള ഇടപാടുകള്‍ പബ്ലിക് ഫയലിങ്ങുകളില്‍ വെളിപ്പെടുത്തുകയും ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഓഹരി പങ്കാളിത്തത്തിന് സെബിയുടെ അംഗീകാരം നേടേണ്ടതുമുണ്ട്. ഇത്തരം മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട കമ്പനികളോട് പിഴ അടയ്ക്കാന്‍ സെബിക്ക് ആവശ്യപ്പെടാം. നിയമനടപടികള്‍ നേരിടേണ്ടിയും വരും.

വിനോദ് അഡാനി ഈ മൂന്ന് കമ്പനികളുടെയും ഉടമയോ ഡയറക്ടറോ ആണെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഈ വിവരം അഡാനി വെളിപ്പെടുത്താത്ത പക്ഷം നിയമലംഘനമായി മാറും. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലെ മറ്റ് ആരോപണങ്ങളില്‍ അഡാനി ഗ്രൂപ്പിനെതിരെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും സെബിയും അന്വേഷണം നടത്തിവരുന്നുണ്ട്.

 

Eng­lish Sam­mury: Secu­ri­ties and Exchange Board of India (SEBI) has launched a fresh inquiry against Adani Group

 

Exit mobile version