Site iconSite icon Janayugom Online

രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടി; വരുന്നു കാര്‍ഷിക മുന്നേറ്റം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 14 കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഈ മാസം മുതല്‍ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ക്യാമ്പയിനില്‍ വ്യക്തികള്‍, കുടുംബങ്ങള്‍, യുവാക്കള്‍, സ്ത്രീകള്‍ , രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍, മതസംഘടനകള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങി സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും പങ്കെടുപ്പിക്കും.

വ്യക്തികള്‍, ഗ്രൂപ്പുകള്‍, സംഘടനകള്‍ എന്നിവയ്ക്ക് അറിയിപ്പ് നല്‍കുക, തങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിഭാഗങ്ങള്‍ക്കും ഭൂമി കണ്ടെത്തുവാന്‍ സഹായിക്കുക, കൃഷിക്ക് ആവശ്യമായ വിത്ത് തൈകള്‍ എന്നിവ നല്‍കുക, വിസ്തൃതി /ഇനം അനുസരിച്ച് പരിപാലന മുറകള്‍ നിശ്ചയിച്ച് നല്‍കുക , വീടുകള്‍, സ്കൂള്‍ കോളജ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൃഷിക്ക് ആവശ്യമായ പിന്തുണ നല്‍കുക തുടങ്ങിയവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യങ്ങള്‍.

തദ്ദേശഭരണസ്ഥാപനവുമായി ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്ത് നെല്ല്, പച്ചക്കറി കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയില്‍ ഗ്രൂപ്പുകള്‍ ആരംഭിക്കും. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരുമിച്ചോ പലയിടങ്ങളിലായോ രണ്ട് ഏക്കര്‍ കൃഷി ചെയ്യണം, ഗ്രൂപ്പുകള്‍, സംഭരണം വിപണനം, സംസ്കരണം, മൂല്യവര്‍ധനവ് മേഖലകളിലും പ്രവര്‍ത്തിക്കാം. പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആ മേഖലയില്‍ അനുവദനീയമായ ധനസഹായം അനുവദിക്കും. യന്ത്രവല്‍ക്കരണം വിവിധപദ്ധതികളുമായി ചേര്‍ന്ന് ഈ ഗ്രൂപ്പുകള്‍ വഴി നടപ്പിലാക്കും.

തരിശ് കൃഷിക്ക് കൂടുതല്‍ സഹായം നല്‍കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുയുമാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം. 10,000 ഹെക്ടറില്‍ ജൈവകൃഷി, 14 കാര്‍ഷിക മാതൃകാ പ്ലോട്ടുകള്‍, ജൈവകൃഷി മിഷന്‍, നഴ്സറി ആക്ട്, സോഷ്യല്‍ ഓഡിറ്റിങ്, അഞ്ച് ഇനം പച്ചക്കറികള്‍ക്ക് കൂടി തറവില, കൃഷി വിപണി ഇടപെടലുകളുടെ ഉദ്ഘാടനം, 50,000 സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം, 140 സ്മാര്‍ട്ട് കൃഷിഭവനുകളുടെ പ്രഖ്യാപനം, ഹോര്‍ട്ടികോര്‍പ്പ് ഇ മാര്‍ക്കറ്റിങ്, കേരള അഗ്രോ ബിസിനസ് കമ്പനി, കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ എന്നിവയാണ് 14 ഇന പദ്ധതിയിലെ മറ്റ് ഇനങ്ങള്‍.

10,000 കാര്‍ഷിക കൂട്ടങ്ങള്‍

പതിനായിരം കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിക്കുക എന്നതാണ് മറ്റൊരു പദ്ധതി. സ്ത്രീകള്‍, യുവാക്കള്‍, പ്രവാസികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കൂട്ടങ്ങള്‍ ഒറ്റയ്ക്കോ ചേര്‍ന്നോ ഉണ്ടാക്കും. ഓരോ കൂട്ടത്തിലും 10 അംഗങ്ങള്‍ ഉണ്ടായിരിക്കും. ഒരു പഞ്ചായത്തില്‍ ഇത്തരം 10 ഗ്രൂപ്പുകള്‍ ഉണ്ടായിരിക്കും. സംസ്ഥാനത്ത് ഇത്തരം 10,000 ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയാണ് പ്രവര്‍ത്തന ലക്ഷ്യം. ഗ്രൂപ്പിന്റെ ഘടന പ്രവര്‍ത്തന മാര്‍ഗങ്ങള്‍ ഇവയ്ക്കാവശ്യമായ മാനദണ്ഡം നിശ്ചയിച്ച് എല്ലാ കൃഷിഭവനുകള്‍ക്കും നല്‍കും.

Eng­lish Summary:Second Hun­dred Days of Action; The agri­cul­tur­al advance­ment is coming
You may also like this video

Exit mobile version