മുതിർന്ന സിപിഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ. നല്ലകണ്ണ് അന്തരിച്ചു. 101 വയസ്സായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.55ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
80 വർഷത്തിലേറെ നീണ്ട സജീവ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 13 വർഷത്തോളം (1992–2005) സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനും ജനകീയ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടതിനും പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1925 ഡിസംബർ 26ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണിന്റെ ജനനം.

