രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സജീവമാക്കാൻ നീക്കവുമായി ഷാഫി പറമ്പിൽ എംപി. ഇതിന്റെ ഭാഗമായി പാലക്കാട് എ ഗ്രൂപ്പ് യോഗം ചേർന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവിധ സ്‌ത്രീകൾ ലൈംഗിക ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്ന് പുറത്തിറങ്ങുവാൻ കഴിയാതെ അദ്ദേഹം അടൂരിലെ വീട്ടിൽ തുടരുകയാണ്. പ്രതിഷേധം ഭയന്നാണ് രാഹുൽ പാലക്കാട് എത്താത്തത്. മണ്ഡലത്തിലെ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം. അതേസമയം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോഗത്തിന്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

