Site iconSite icon Janayugom Online

കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ ആറാമത് അന്തര്‍ദേശീയ സമ്മേളനം കൊച്ചിയില്‍

HCHC

കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ ആറാമത് അന്തര്‍ദേശീയ സമ്മേളനത്തിന് കൊച്ചി വേദിയാകും. ഇന്നും നാളെയുമായി  തിയതികളില്‍ ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. ആരോഗ്യ പരിപാലന മേഖലയിലെ സ്ഥാപനങ്ങളുടെയും ഡയഗ്‌നോസ്റ്റിക് സെന്ററുകളുടെയും വ്യക്തികളുടെയും കൂട്ടായ്മയാണ് കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍.നമ്മുടെ സംസ്ഥാനം ആദ്യമായി വേദിയാകുന്ന അന്തര്‍ദേശീയ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത് കിംസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ. എം. ഐ. സഹദുള്ള, ആലുവ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സി. എം. ഐ., ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് സി ഇ ഓ ഡോ. ബെന്നി ജോസഫ്, കിന്‍ഡര്‍ ആശുപത്രി സി ഇ ഓ രഞ്ജിത് കൃഷ്ണന്‍ എന്നിവരാണ്.

ആരോഗ്യപരിപാലന രംഗത്തെ എല്ലാ സേവനദാതാക്കളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അകത്ത് നിന്നും വിദേശത്ത് നിന്നുമായി 800 ഓളം ആരോഗ്യവിദഗ്ദ്ധര്‍ പങ്കെടുക്കുന്നു. ആരോഗ്യ പരിപാലന രംഗത്ത് ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ഡോ. വിജയ് അഗര്‍വാള്‍, ഡോ.സമീര്‍ മേത്ത, ഡോ. ലല്ലു ജോസഫ് എന്നിവര്‍ക്കൊപ്പം ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ നേതൃത്വം നല്‍കുന്ന അസോസിയേഷന്‍  ആരോഗ്യപരിപാലന രംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുക, രോഗികളുടെ സുരക്ഷയും സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍, ഏഷ്യന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ‘ആരോഗ്യ മേഖലയില്‍ സുരക്ഷിതത്വത്തിന്റെ സംസ്‌കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകത’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും ചികിത്സയ്ക്കിടെ ഉണ്ടാകുന്ന പിഴവുകള്‍ മൂലം രോഗികള്‍ മരണപ്പെടുന്നു. അതുകൊണ്ട് തന്നെ സങ്കീര്‍ണ്ണമായ ആധുനിക ചികിത്സാരംഗത്ത് പിഴവുകള്‍ പരമാവധി തിരുത്തിക്കൊണ്ട് മുന്നേറേണ്ടത് ഇന്നത്തെ ആവശ്യകതയാണ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പൊതുസമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ സ്ഥാപനങ്ങളെ സമ്മേളനം സഹായിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

ആരോഗ്യപരിപാലന രംഗത്തെ മികച്ച മാതൃകകള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകളും സമ്മാനിക്കും. ആരോഗ്യ മേഖലയിലെ പുതിയ ഉപകരണങ്ങള്‍ പരിചയപ്പെടുന്നതിനും സ്ഥാപനങ്ങള്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമ്മേളനത്തിന്റെ ഭാഗമായി ഇന്‍ഡസ്ട്രി എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ആശുപത്രികളായ രാജഗിരി, ആസ്റ്റര്‍ മെഡിസിറ്റി, ലൂര്‍ദ്, സൈമര്‍, ലേക്ക്‌ഷോര്‍, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളില്‍ഇന്നലെ  പ്രീ കോണ്‍ഫറന്‍സ് വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചിരുന്നു. സമാപനസമ്മേളനത്തില്‍ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, ക്യു.സി.ഐ. സെക്രട്ടറി ജനറല്‍ ഡോ. ആര്‍. പി. സിംഗ്, എ. എച്ച്. പി. ഐ. ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗ്യാനി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.

Eng­lish Sum­ma­ry: Sixth Inter­na­tion­al Con­fer­ence of the Con­sor­tium of Accred­it­ed Health­care Orga­ni­za­tions in Kochi

You may like this video also

Exit mobile version