തനിക്ക് എന്നും ഇഷ്ടം പിതാവ് ആന്റണിയോടാണെന്നും നല്ല പൗരനായി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് തന്നെ പിതാവ് പഠിപ്പിച്ചതെന്നും അനില്‍ ആന്റണി. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കാഴ്ചപാടിനൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ്. അതനുസരിച്ചാണ് ഇപ്പോള്‍ ബിജെപിയില്‍ ചേരുന്നതെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് അനില്‍ ആന്റണി പറഞ്ഞു.
ഇതുകൂടി വായിക്കാം: എ കെ ആന്റണിയുടെ മകന്‍ അനില്‍ ബിജെപിയില്‍
തന്റെ വീട്ടില്‍ പിതാവ് ഉള്‍പ്പടെ നാല് പേരുണ്ട്. നാലുപേര്‍ക്കും വ്യത്യസ്ഥ കാഴ്ചപാടും വീക്ഷണവും ഉണ്ട്. പിതാവ് എ കെ ആന്റണി ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് വിരമിച്ച് തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമിക്കുകയാണെന്നും അനില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെയും ആന്റണി കോണ്‍ഗ്രസില്‍ നിന്ന് വിരമിച്ചതായി അനില്‍ പറഞ്ഞിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് ഇന്നും ദേശീയ നേതാവായി കാണുന്ന എ കെ ആന്റണി പാര്‍ട്ടിയില്‍ നിന്ന് വിരിച്ചശേഷം വിശ്രമിക്കുകയാണെന്ന അനില്‍ ആന്റണിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവന വിമര്‍ശനങ്ങള്‍ക്കിടവരുത്തിയിരുന്നു.
കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടാണ് പിയൂഷ് ഗോയലില്‍ നിന്ന് അനില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഒരു കുടുംബത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുമൂന്നു വ്യക്തികളുടെ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ബിജെപി രാജ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തന്റെ ബിജെപി പ്രവേശം വ്യക്തി താല്പര്യങ്ങള്‍ക്കുവേണ്ടിയുള്ള തീരുമാനമല്ല. ഒരു സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. രണ്ട് മാസത്തിലേറെയായി നന്നായി ആലോചിച്ചാണ് ഞാന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. നരേന്ദ്രമോഡിയുടെ കാഴ്ചപാടിന് അനുസരിച്ച് സാധാ പാര്‍ട്ടിക്കാരനായി പ്രവര്‍ത്തിക്കാനാണ് താല്പര്യം.
ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് രാജ്യതാല്പര്യത്തിന് എതിരായിരുന്നു. നല്ല ഉദ്ദേശ്യത്തോടെയല്ല ആ ഡോക്യുമെന്ററി പുറത്തിറക്കിയതെന്നും അനില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ താന്‍ വഞ്ചിച്ചിട്ടില്ല. ഇന്ന് കോണ്‍ഗ്രസിലുള്ളവര്‍ രാജ്യത്തിനെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അനില്‍ പറഞ്ഞു.
English Sammury: Congress National Leader A K Antony Retired from Congress, Son Anil said