Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഇന്ന് ആലപ്പുഴയിൽ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഇന്ന് ആലപ്പുഴ കലവൂരിൽ നടക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 മുതല്‍ വിദ്യാർത്ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും. കലവൂര്‍ സ്കൂളിലെ വിദ്യാർത്ഥികളാണ് പരിപാടികള്‍ അവതരിപ്പിക്കുക. ഒമ്പത് മണിക്ക് നവാഗതരായ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്വീകരിക്കും. മുഖ്യമന്ത്രിയും അതിഥികളും എത്തുന്നതോടെ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും.

കുട്ടികളോടൊപ്പമിരുന്നാകും മുഖ്യമന്ത്രിയും അതിഥികളും ദൃശ്യാവിഷ്‌കാരം ആസ്വദിക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജില്ലയില്‍ നിന്നുള്ള എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തിന് ശേഷം 3,000 പേര്‍ക്ക് സദ്യയും ഒരുക്കിയിട്ടുണ്ടെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു.

Exit mobile version