Site iconSite icon Janayugom Online

തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാൻ അനുവദിക്കില്ല; സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായതിനെ തുടർന്നാണ് സർക്കാർ നിര്‍ണായക ഇടപെടൽ നടത്തിയത്. ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്നായിരുന്നു സർക്കാർ തീരുമാനം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും സർക്കാർ തീരുമാനിച്ചിരുന്നു. കേന്ദ്രചട്ടങ്ങള്‍ പാലിച്ചാകും ദയാവധം നടത്തുകയെന്നും സർക്കാർ അറിയിച്ചിരുന്നു.

തെരുവുനായകളുടെ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സർക്കാർ മുന്നോട്ടുവച്ച കമ്മിറ്റി കോടതി അംഗീകരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫിസർ, തദ്ദേശ വകുപ്പ് ജോയിന്റെ സെക്രട്ടറി എന്നിവർ ചേർന്നതാണ് സമിതി. ഈ സമിതി നിലവിൽ വരുന്നതു വരെ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രവർത്തിക്കും.
ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്‌ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്. 

Exit mobile version