നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാട്ടം ഇനിയും അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും എഐടിയുസി ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനുമായ കാനം രാജേന്ദ്രൻ പറഞ്ഞു. മൂലധന ശക്തികൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. ഒരുകാലത്ത് തൊഴിലാളികളെ ബഹുമാനിച്ചിരുന്നുവെങ്കിൽ ഇന്ന് അവരുടെ സ്വാതന്ത്ര്യത്തിന് പോലും വിലക്കേർപ്പെടുത്തുന്ന തരത്തിലേയ്ക്ക് കേന്ദ്രനയങ്ങൾ മാറി. രാജ്യത്തെ തൊഴിലാളി സംഘടനകൾ ഒന്നിച്ച് കോർപ്പറേറ്റ് അനുകൂല ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടത്തിന്റെ പാതയിലാണ്. കേന്ദ്രനയത്തിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സഞ്ചരിക്കുന്ന സംസ്ഥാനമാണ് കേരളം. ആഗോളവൽക്കരണ കാലത്ത് തൊഴിലാളികളുടെ സുരക്ഷ കുറഞ്ഞു.
കേന്ദ്രം നടപ്പാക്കുന്ന നവലിബറൽ സാമ്പത്തികനയം തൊഴിലാളികളുടെ സുരക്ഷിതത്വവും ചോദ്യം ചെയ്യുന്നു. എന്നാൽ തൊഴിലാളി സുരക്ഷ മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. നവലിബറൽ സാമ്പത്തികനയത്തിനെതിരെ ബദൽനയങ്ങൾ ഉയർത്തുവാനും സംസ്ഥാന സർക്കാരിനായി. കുത്തക താൽപ്പര്യങ്ങൾ ഉറപ്പാക്കാനും തൊഴിലാളികളെ ദ്രോഹിക്കാനും കേന്ദ്രസർക്കാർ നിയമങ്ങൾ നിർമിക്കുകയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ ഉറപ്പാക്കാനായി ശക്തമായ സമരം അനിവാര്യമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
English Summary: Struggle is necessary to protect freedom: Kanam Rajendran
You may also like this video