നിയമനത്തിനെതിരായ ഹർജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് വിക്ടോറിയ ഗൗരി അഡീഷണൽ ജഡ്ജിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊളീജിയം തീരുമാനിച്ചതിനാല്‍ നിയമനം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്. സുപ്രീം കോടതി ഇന്നുതന്നെ ഗൗരിയുടെ നിയമനത്തിനെതിരായ ഹര്‍ജി പരിഗണിച്ച് തള്ളുകയും ചെയ്തു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൊളീജിയം ശുപാര്‍ശ റദ്ദാക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി യോഗ്യത പരിശോധിക്കാന്‍ മാത്രമെ കോടതിക്കാവു എന്നും പറഞ്ഞു. രാഷ്ട്രീയ ചായ്‌വുള്ളവര്‍ മുമ്പും നിയമിതരായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. നിയമനം റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവര്‍ ജനുവരി 17ന് നല്‍കിയ നിര്‍ദ്ദേശപ്രകാരം ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗൗരിയുടെ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഗൗരിയുടെയും മറ്റ് നാല് അഭിഭാഷകരുടെയും പേരുകൾ ഹൈക്കോടതിയിലേക്ക് ഉയർത്താനാണ് കൊളീജിയം നിർദ്ദേശിച്ചത്. തീരുമാനം ശ്രദ്ധയില്‍പ്പെട്ടതുമുതല്‍ വിക്ടോറിയ ഗൗരിക്കെതിരെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ശുപാർശ പൊതുസംസ്കാരത്തിന് ദോഷവും ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഒരു വിഭാഗം അഭിഭാഷകര്‍ വിമർശിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഭാരതീയ ജനതാ പാർട്ടി മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറിയായ ഗൗരിയുടെ രാഷ്ട്രീയ ബന്ധങ്ങൾ സംബന്ധിച്ചും അഭിഭാഷകർ ഉയർത്തിക്കാട്ടി. മതന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെയുള്ള ‘വിദ്വേഷ പ്രസംഗം’ നടത്തിയ ഗൗരി ദേശീയതലത്തില്‍ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.
English Sammury: Supreme Court hearing the challenge against Advocate Victoria Gowri’s appointment as an additional judge