Site iconSite icon Janayugom Online

വോട്ടെടുപ്പുകളുടെ വീഡിയോ സൂക്ഷിക്കണമെന്ന് സുപ്രീം കോടതി

വോട്ടെടുപ്പ് ക്രമക്കേട് ആരോപണം വര്‍ധിച്ചതിന് പിന്നാലെ പോളിങ് നടപടികളുടെ വീഡിയോ സൂക്ഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ബൂത്തുകളില്‍ വോട്ടര്‍ പട്ടികയെക്കാള്‍ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കിയത്. വോട്ടെടുപ്പിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും കമ്മിഷന്‍ സൂക്ഷിച്ചുവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാന നിര്‍ദേശം നല്‍കിയത്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഓരോ ബൂത്തുകളിലും 1,200 മുതല്‍ 1,500 വോട്ടുകള്‍ വരെ അധികമായി വര്‍ധിച്ചുവെന്നുകാട്ടിയുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വോട്ടിങ് ക്രമക്കേട് പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇതൊഴിവാക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമയം നീട്ടിനല്‍കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. 

വോട്ടര്‍മാരുടെ അവകാശം നിഷേധിക്കുന്ന സമീപനമാണ് വിഷയത്തില്‍ കമ്മിഷന്‍ പൂലര്‍ത്തുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ്‌വി ബോധിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പാര്‍ശ്വവല്‍ക്കൃത ജനങ്ങളെ അകറ്റുന്ന വിധത്തിലാണ് നടപടികളുണ്ടാകുന്നത്. സമ്മതിദാന അവകാശമെന്ന പൗരന്റെ മൗലിക കടമ നിര്‍വഹിക്കാന്‍ പലപ്പോഴും വോട്ടര്‍മാര്‍ക്ക് സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
പല മണ്ഡലങ്ങളിലും അന്തിമ വോട്ടര്‍ കണക്ക് പ്രഖ്യാപിക്കുമ്പോള്‍ 1,200 വോട്ടുകള്‍ മുതല്‍ 1,500 വോട്ടുകള്‍ വരെ അധികമായി രേഖപ്പെടുത്തിയെന്ന കണക്കുകള്‍ പരിശോധിക്കണം. ഇതിനായി പ്രത്യേക സംവിധാനം സ്വീകരിക്കണമെന്നും മനു അഭിഷേക് സിംഘ്‌വി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പോളിങ് നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. 

Exit mobile version