Site iconSite icon Janayugom Online

ശോഭാസുരേന്ദ്രനെ തഴഞ്ഞതിനാൽ സുരേഷ് ഗോപി വിട്ടുനിന്നു; പാലക്കാട് തെരഞ്ഞെടുപ്പിൽ വിമർശനവുമായി കെ സുരേന്ദ്രൻ വിഭാഗം

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് പക്ഷം പരസ്യ പോരിലേക്ക്. ശോഭാസുരേന്ദ്രനെ തഴഞ്ഞതിനാൽ പി കെ കൃഷ്ണദാസ് വിഭാഗം ഉൾവലിഞ്ഞു നിന്നെന്ന് സുരേന്ദ്രൻ ഗ്രൂപ്പ് ആരോപിക്കുമ്പോൾ ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പാളിച്ചപറ്റിയെന്നാണ് എതിർ വിഭാഗത്തിന്റെ വാദം . കൃഷ്ണദാസിന്റെ വിശ്വസ്‌തനായ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ലെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. 

കൃഷ്ണകുമാർ മത്സരിച്ചാൽ വിജയിക്കില്ലെന്നും അതിനാൽ ശോഭാസുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെട്ട് സുരേഷ്‌ഗോപി ദേശിയ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു . തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാലക്കാട് ജില്ലയിലും ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷമായി . സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നും പ്രവർത്തകരുടെ വികാരം മനസിലാക്കി സി കൃഷ്ണകുമാറിനെ മാറ്റിനിർത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല നേതൃത്വം പരാജയമാണെന്ന് പറഞ്ഞ സുരേന്ദ്രൻ തരൂർ ജില്ല അധ്യക്ഷൻ ഉൾപ്പെടെ പ്രചാരണത്തിൽ സജീവമായില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടു. തോൽവിയെ കുറിച്ച് പരിശോധിക്കണമെന്നും സുരേന്ദ്രൻ തരൂർ പറഞ്ഞു. സ്വന്തം നോമിനിയെ സ്ഥാനാർത്ഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് കെ സുരേന്ദ്രൻ തനിച്ചായിരുന്നുവെന്നാണ് എതിർചേരിയുടെ വിമർശനം.

Exit mobile version