Site iconSite icon Janayugom Online

തടവിലാക്കപ്പെടുന്ന സ്വാതന്ത്ര്യത്തെ മോചിപ്പിക്കുവാനുള്ള ഉത്തമശബ്ദം

യിലിലായിരിക്കുമ്പോഴാണ് തന്റെ ചിന്തയെ അഗാധമായി സ്വാധീനിച്ച രണ്ടാമത്തെ യുഗപ്രഭാവമായ ഗ്രന്ഥം ഗാന്ധി വായിക്കാനിടയായത്. ഹെന്‍റി തോറോയുടെ ‘സിവില്‍ നിസഹകരണത്തെപ്പറ്റി’ എന്ന പ്രബന്ധം. അമേരിക്കയിലെ ഗവണ്മെന്റ് അടിമത്തത്തെ വച്ചുപൊറുപ്പിക്കുന്നതിലും മെക്സിക്കോയില്‍ അന്യായമായ യുദ്ധം നടത്തുന്നതിലും പ്രതിഷേധിച്ചുകൊണ്ട്, നീതിരഹിതമായ നിയമങ്ങളെ അവഗണിക്കുവാനും അസഹനീയമായ ക്രൂരത കാട്ടുന്ന ഗവണ്മെന്റിനോടുള്ള കൂറ് ഉപേക്ഷിക്കുവാനും വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് തോറോ പ്രഖ്യാപനം ചെയ്തു. ‘ശരിയായ കാര്യം ചെയ്യുകയെന്നത് നിയമത്തെ അനുസരിക്കുന്നതിനേക്കാള്‍ മാന്യതയുള്ളതാണ്’ അദ്ദേഹം പറഞ്ഞു- (സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍).
ജനവിരുദ്ധ നിയമങ്ങളിലൂടെ ജനങ്ങളെ തടങ്കല്‍ പാളയങ്ങളില്‍ അടയ്ക്കുകയെന്നത് മുതലാളിത്തചൂഷക ശക്തികളുടെയും വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെയും ഭരണകൂടങ്ങളുടെയും മുഖമുദ്രയും മുഖ്യ അജണ്ടയുമാണ്. അധിനിവേശത്തിന്റെ നാളുകളില്‍ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുവാനുളള ആയുധമായി ബ്രിട്ടീഷുകാരനായ സര്‍ ജെയിംസ് സ്റ്റീഫന്‍ 1870ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 113-ാം വകുപ്പായി രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടുത്തി. 124 എ വകുപ്പ് പ്രകാരം പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ ആംഗ്യത്താലോ പ്രകടമായ രീതിയിലോ മറ്റേതെങ്കിലും വഴിയാലോ നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പോ നിന്ദയോ ജനിപ്പിക്കുകയോ അതിനുശ്രമിക്കുകയോ അല്ലെങ്കില്‍ അപ്രീതിയുണ്ടാക്കുകയോ ചെയ്യുന്ന ഏതൊരാളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം ജയിലിലടയ്ക്കാം. വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും എതിര്‍ ശബ്ദങ്ങളെയും പ്രതിഷേധിക്കുവാനും പ്രതിരോധിക്കുവാനുമുള്ള അവകാശത്തെയും ധ്വംസിക്കുന്നതാണ്. സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഈ നിയമം തല്ക്കാലത്തേക്കെങ്കിലും മരവിപ്പിച്ചത് നീതിപീഠത്തില്‍ നിന്നുയര്‍ന്ന ഉത്തമശബ്ദമാണ്. പൗരാവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയുടെ നിരീക്ഷണം കരുത്തുപകരും.


ഇതുകൂടി വായിക്കൂ: ഗാന്ധിജിയെ ഭയക്കുന്നതാരാണ് ?


മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമരസേനാനികളെ കാരാഗൃഹത്തിലടയ്ക്കുവാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ഈ കരിനിയമം സ്വാതന്ത്ര്യലബ്ധിക്ക് 75 വര്‍ഷം പിന്നിടുമ്പോഴും ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വാര്‍ത്ഥതാല്പര്യത്തിനുവേണ്ടി നിരന്തരം ദുരുപയോഗം ചെയ്തുകൊണ്ടിരുന്നു. ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ച ‘ഏജ് ഓഫ് കണ്‍സന്റ്’ നിയമത്തിനെതിരെ ലേഖനമെഴുതിയതിന് 1891ല്‍ ജോഗീന്ദ്രസിബോസിനെതിരെയാണ് ആദ്യം രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ‘യങ് ഇന്ത്യ’യില്‍ മൂന്ന് ലേഖനങ്ങള്‍ എഴുതിയതിന്റെ പേരില്‍ 1922ല്‍ രാജ്യദ്രോഹി എന്ന് മുദ്രകുത്തി ഗാന്ധിജിയെ ആറുവര്‍ഷത്തെ തടവിന് വിധിച്ചു. പൗരസ്വാതന്ത്ര്യം അമര്‍ച്ച ചെയ്യാനുള്ള നിയമങ്ങളിലെ രാജകുമാരനാണ് 124 (എ) വകുപ്പ് എന്ന് വിശേഷിപ്പിച്ച ഗാന്ധിജി, ഇന്ത്യയിലെ പല ദേശഭക്തരെയും തുറുങ്കിലടച്ച ഈ നിയമത്തിന്റെ ഭാഗമായി തനിക്കെതിരെയും ശിക്ഷ വിധിച്ചത് ബഹുമതിയായി കാണുന്നുവെന്നും പ്രതികരിച്ചു. 1898ല്‍ ലേഖനമെഴുതിയതിനും 1908ല്‍ മറ്റൊരു ലേഖനത്തിന്റെ പേരിലും ബാലഗംഗാധര തിലകനും ശിക്ഷിക്കപ്പെട്ടു. 1908ല്‍ ബര്‍മ്മയിലേക്ക് ആറു വര്‍ഷത്തേക്ക് നാടുകടത്തുകയായിരുന്നു. മീററ്റ് ഗൂഢാലോചന, കാണ്‍പുര്‍ ഗൂഢാലോചന, ലാഹോര്‍ ഗൂഢാലോചന തുടങ്ങി കൃത്രിമ കേസുകള്‍ സൃഷ്ടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുകയും കമ്മ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുകയും ചെയ്തു.
സ്വതന്ത്ര ഇന്ത്യയിലും ഭരണകൂടത്തിനെതിരെ ശബ്ദിച്ചാല്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ജയിലിലടയ്ക്കപ്പെടുന്ന ദുരവസ്ഥയാണ്. പ്രശസ്ത കവി വരവരറാവു ഉള്‍പ്പെടെയുള്ളവര്‍ പാവപ്പെട്ട വരുടെയും ദളിതരുടെയും നേര്‍ക്കുള്ള ഭരണകൂട അതിക്രമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നരേന്ദ്രമോഡി ഭരണത്തിന്‍ കീഴില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത് ഒരു ഉദാഹരണം മാത്രം.


ഇതുകൂടി വായിക്കൂ:  വിഷമല്ല; ഉറപ്പാക്കേണ്ടത് സംരക്ഷണം


നരേന്ദ്രമോഡിയുടെ 2014 മുതല്‍ 2020 വരെയുള്ള ഭരണകാലത്തെ ഔദ്യോഗിക കണക്കു പ്രകാരം 7,136 പേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അതില്‍ 55 ശതമാനം പേരും 30 വയസിനു താഴെ പ്രായമുള്ളവര്‍‍. സംഘ്പരിവാറിനും അവരുടെ ഭരണത്തിനുമെതിരെ പ്രതികരിച്ചാല്‍,‍ പ്രതിഷേധിച്ചാല്‍, എഴുതിയാല്‍ രാജ്യദ്രോഹിയാകും. കര്‍ഷക പ്രക്ഷോഭത്തില്‍ അണിചേര്‍ന്നവരെയും പൗരാവകാശ നിയമ ഭേദഗതിക്കെതിരായി ശബ്ദിച്ചവരെയും രാജ്യദ്രോഹികളെന്നു മുദ്രകുത്തി പ്രതികളാക്കി. ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ മാത്രം കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇരുനൂറിലധികം പേരെ രാജ്യദ്രോഹ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആള്‍ക്കൂട്ടക്കൊലകള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍‍ ഉള്‍പ്പെടെയുളള കലാകാരന്മാരെയും എഴുത്തുകാരെയും പ്രതിചേര്‍ത്ത് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേല്‍, കശ്മീര്‍ വിഭജനത്തെ വിമര്‍ശിച്ച എഴുത്തുകാരി അരുന്ധതി റോയ്, കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പരിസ്ഥിതി പ്രവര്‍ത്തക ദിശാരവി, ഹത്രാസില്‍ ദളിത് ബാലികയെ കൊന്നുതള്ളിയ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍, കശ്മീരിലെ സൈനികാതിക്രമത്തെ വിമര്‍ശിച്ച വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദ്, മാധ്യമ പ്രവര്‍ത്തകരായ മ‍ഞ്ജിത് മഹന്ത്, വിനോദ് ദുവെ, ജെഎന്‍യു പ്രക്ഷോഭം നയിച്ച വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദ്, കിസാന്‍ മുക്തി സംഗ്രാം സമിതി നേതാവ് അഖില്‍ ഗൊഗോയ് പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത എഴുത്തുകാരന്‍ ഹിരേന്‍ ഗൊഹയ്ല്‍ എന്നിവരെല്ലാം മോഡി ഭരണകൂടത്തിന് രാജ്യദ്രോഹികളാണ്. സര്‍ക്കാര്‍ വിമര്‍ശനം നടത്തിയാല്‍ അവരെല്ലാം രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെടുന്ന ജനാധിപത്യ ധ്വംസനത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് വെള്ളി വെളിച്ചം വിതറുന്ന ഉന്നതനീതി പീഠത്തിന്റെ വിധിയുണ്ടായത്.
എന്നാല്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന മറ്റു നിയമങ്ങള്‍ കൂടി സുപ്രീം കോടതി പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. നിയമവിരുദ്ധ നിരോധന നിയമം (യുഎപിഎ), ഐടി നിയമം, ആയുധ നിയമം, ക്രിമിനല്‍ നിയമഭേദഗതി എന്നിവയെല്ലാം ഇതിലുള്‍പ്പെടും.


ഇതുകൂടി വായിക്കൂ:  വിമർശനങ്ങൾ ഭയക്കുന്നവരുടെ അല്പത്തരങ്ങൾ


ബ്രിട്ടീഷുകാരുടെ പൗരാവകാശ ധ്വംസന നിയമങ്ങളെക്കുറിച്ച് ഗാന്ധിജി പറഞ്ഞു; ‘എന്റെ മുന്നില്‍ ഒരു മാര്‍ഗമേയുള്ളു. ഈ നിയമങ്ങള്‍ അനുസരിക്കാതിരിക്കുക എന്ന് തീര്‍ച്ചയായും ജനദ്രോഹനിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോഴാണ് ജനാധിപത്യവും സ്വാതന്ത്ര്യവും അര്‍ത്ഥ സമ്പുഷ്ടമാകുന്നത്’.
രബീന്ദ്രനാഥടാഗോര്‍ ‘ഗീതാഞ്ജലി‘യില്‍ എഴുതി.
“എവിടെ ശിരസ് സമുന്നതവും
എവിടെ മനസ് നിര്‍ഭയവും
എവിടെ അറിവ് സ്വതന്ത്രവും
എവിടെയാണോ ഇടുങ്ങിയ
ഹൃദയഭിത്തികളാല്‍ ലോകം
ശിഥിലമാക്കപ്പെടാതിരിക്കുന്നത്
അവിടെ സ്വാതന്ത്ര്യത്തിന്റെ
മഹാസ്വര്‍ഗത്തിലേക്ക്
എന്റെ നാടുണരട്ടെ” എന്ന്.
കരിനിയമങ്ങള്‍ ഇല്ലാതായാലേ സ്വാതന്ത്ര്യത്തിന്റെ മഹാസ്വര്‍ഗം സൃഷ്ടിക്കാനാവു.

Exit mobile version