Site iconSite icon Janayugom Online

ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി

2021ല്‍ അഴിമതിരഹിത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശില്‍ അഴിമതി എല്ലാ സീമകളെയും ലംഘിച്ചുവെന്ന് ബിജെപി എംഎല്‍എ. സംസ്ഥാനം കണ്ടിട്ടുള്ള എക്കാലത്തെയും വലിയ അഴിമതിക്കാരനാണ് ആദിത്യനാഥെന്നും കൈക്കൂലിയും ക്രമക്കേടും സര്‍ക്കാരില്‍ വ്യാപകമാണെന്നും ഗാസിയാബാദ് എംഎല്‍എ നന്ദകിഷോര്‍ ഗുര്‍ജാര്‍ പരസ്യപ്രസ്താവന നടത്തി ബിജെപിയെ വെട്ടിലാക്കി. സംസ്ഥാന ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിങ് വന്‍ അഴിമതിക്കാരനാണെന്നും പല ഉദ്യോഗസ്ഥരും അയോധ്യയില്‍ ഭൂമി തട്ടിയെടുത്തെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിക്കെയാണ് നന്ദകുമാറിന്റെ പ്രസ്താവന. ഇതോടെ 2017 മുതല്‍ യോഗി സര്‍ക്കാര്‍ നല്‍കിയ നിക്ഷേപ അനുകൂല, അഴിമതി രഹിത അന്തരീക്ഷമെന്ന വാഗ്ദാനം പഴങ്കഥയായി. സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടലുകളും പശുക്കളെ കൊല്ലുന്ന സംഭവങ്ങളും നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നന്ദകിഷോര്‍ ആരോപിച്ചു. ഇവിടെ അഴിമതി നടന്നതുപോലെ മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ല. എന്നാല്‍ മാധ്യമങ്ങളെ ഉപയോഗിച്ച് രാമരാജ്യമാണെന്ന പ്രതീതി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൈക്കൂലി കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കഴിഞ്ഞയാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. സൗരോര്‍ജ നിലയ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ വഴി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് സംസ്ഥാന നിക്ഷേപ പ്രോത്സാഹന ഫെസിലിറ്റേഷന്‍ ഏജന്‍സി (ഇന്‍വെസ്റ്റ് യുപി) സിഇഒ ആയിരുന്ന അഭിഷേക് പ്രകാശിനെ ഈ മാസം 20ന് സസ്പെന്‍ഡ് ചെയ്തത്. സ്വകാര്യ സ്ഥാപനമായ സെയില്‍ സോളാര്‍ പി സിക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധിയില്‍ നിന്ന് അഞ്ച് ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൈക്കൂലി നല്‍കാത്തതിനാല്‍ കാരണം കൂടാതെ പദ്ധതി, വീണ്ടും പരിശോധിക്കാനായി തിരിച്ചയയ്ക്കുകയായിരുന്നു. ഇതിന് പുറമേ 2023–24ല്‍ വിവിധ അഴിമതിക്കേസുകളിലായി ഒരു ഡസനിലധികം ഉന്നതോദ്യോസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ചെറുകിട ഉദ്യോഗസ്ഥരായ നിരവധി പേരെയും അഴിമതിയുടെ പേരില്‍ പിടികൂടിയിരുന്നു. അഴിമതിയും അക്രമവും കൊള്ളയും കൊലപാതകവും എല്ലായിടത്തും വ്യാപിച്ചെന്ന് ബിജെപി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.

തൊഴില്‍ത്തട്ടിപ്പും വ്യാപകം

കഴിഞ്ഞവര്‍ഷം നവംബറില്‍ വലിയ തൊഴില്‍ത്തട്ടിപ്പാണ് സംസ്ഥാനത്ത് പുറത്തുവന്നത്. രണ്ട് ഘട്ട പരീക്ഷകൾക്ക് ശേഷം നിയമസഭയിലും സെക്രട്ടേറിയറ്റിലെയും 186 ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും ഉന്നത ബന്ധമുള്ളവരായിരുന്നു. ഒരു മന്ത്രിയുടെ അനന്തരവൻ, ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റ് ചുമതലക്കാരന്റെ മകൻ, പാർലമെന്ററി കാര്യ വകുപ്പ് ചുമതലക്കാരന്റെ രണ്ട് മക്കള്‍, ഡെപ്യൂട്ടി ലോകായുക്തയുടെ മകന്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖരില്‍ ചിലര്‍. ഏകദേശം 2.5 ലക്ഷം പേർ അപേക്ഷിച്ചതില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ അഞ്ചിലൊന്ന് ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണെന്ന് ഇന്ത്യൻ എക്സ്പ്രസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്ന് കോടതി ഇടപെടുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

Exit mobile version