മണിപ്പൂരിലെ വംശീയ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുക്കി വിഭാഗത്തിലെ വിമതരുമായി ഒപ്പ് വച്ച കരാർ റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർത്ഥിച്ച് മണിപ്പൂരിലെ മെയ്തി വിഭാഗത്തിലെ സിവിൽ സൊസൈറ്റി സംഘടനകളുടെ ആഗോള കൂട്ടായ്മ. മണിപ്പൂരിലെ വിവാദമായ ”Suspension of operations” (SOO) കരാറിൻറെ നിലവിലെ അവസ്ഥ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മെയ്തികളുടെ പുതിയ അഭ്യർത്ഥന.
എസ്ഒഒ കരാർ നീട്ടുന്നതിനുള്ള സമയപരിധി അവസാനിച്ച അതേദിവസം തന്നെ പ്രസ്തുത കരാർ റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മണിപ്പൂർ നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയിരുന്നു.
2023 മെയ് 3 മുതൽ മണിപ്പൂരിൽ അക്രമത്തിന് പ്രേരണ നൽകുന്നവരും പ്രേരകശക്തികളുമായ ഈ സായുധ സംഘങ്ങൾ, ഒരു നിക്ഷിപ്ത അജണ്ട പിന്തുടരുന്നതിന് SoO‑യെ ഒരു മറയായി ഉപയോഗിച്ച് വരികയാണെന്നും മെയ്തികൾ ആരോപിച്ചു.
പിടിച്ചുപറി, നിയമവിരുദ്ധമായ ‘ഹൈവേ ടാക്സ്’, വിമതരെ റിക്രൂട്ട് ചെയ്യൽ, മ്യാൻമറിലെയും മണിപ്പൂരിലെയും മറ്റ് വിമത ഗ്രൂപ്പുകളുമായുള്ള ബന്ധം എന്നിവ ഇത്തരം നിയമലംഘനങ്ങലിൽ ചിലതാണെന്നും മെയ്തി വിഭാഗം പറഞ്ഞു.

