Site icon Janayugom Online

ഡല്‍ഹിയില്‍ നടന്ന റാലി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി

ഡല്‍ഹിയില്‍ നടന്ന റാലി തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രാധാന്യമുണ്ടാക്കുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് റാലി.വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് റാലിക്കുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായമുന്നറിയിപ്പായി റാലി മാറി. ഇത് ബിജെപിക്കുള്ള താക്കീതാണെന്നിരിക്കെ കോണ്‍ഗ്രസും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ബിജെപി അവർക്ക് എതിരെ നിൽക്കുന്ന പ്രതിപക്ഷപാർടി നേതാക്കളെയും പ്രവർത്തകരെയും രാജ്യവ്യാപകമായി വേട്ടയാടുന്ന രീതിയാണ് സ്വീകരിക്കുന്നത്. കോൺ​ഗ്രസ് ഇതര പ്രതിപക്ഷപാർടികളെ ബിജെപി വേട്ടയാടുമ്പോൾ കോൺഗ്രസ് സ്വീകരിച്ച നിലപാട് ബിജെപി വേട്ടയാടലിനൊപ്പം നിൽക്കുന്നതായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെജ്രിവാളിന്റേത്.

മദ്യനയക്കേസും അഴിമതി ആരോപണവും ഉയർന്നുവന്നപ്പോൾ ഡൽഹി സർക്കാരിനെതിരെ ആരോപണം ഉന്നയിക്കാൻ മുന്നിൽ നിന്നത് കോൺ​ഗ്രസാണ്. പരാതി പൊലീസിന് നൽകുന്നതും കോൺ​ഗ്രസാണ്. അങ്ങനെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ ഇഡിക്ക് അതുവഴി കടന്നുവരാനായി. മനീഷ് സിസോദിയയെ ആണ് വിഷയത്തിൽ ആദ്യം അറസ്റ്റ് ചെയ്തത്. അങ്ങനെ ചെയ്തപ്പോൾ കോൺഗ്രസിന്റെ പരാതി കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു. എന്തുകൊണ്ട് കെജ്രിവാളിനെ കേസിൽ ഉൾപ്പെടുത്തുന്നില്ല എന്നായിരുന്നു പരസ്യമായി കോൺ​ഗ്രസ് പറഞ്ഞത്. അത് നലാലൊരു സമയം വരെ തുടർന്നു. ഇപ്പോൾ അവർ ആ നിലപാട് മാറ്റി. അത് സ്വാ​ഗതാർഹമാണ്. മുമ്പ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ആർജവം കോൺ​ഗ്രസ് കാണിക്കണമായിരുന്നു.

ഡല്‍ഹിയില്‍ ഇന്ന് നടന്ന റാലിയിൽ കോൺ​ഗ്രസിലെ പല പ്രമുഖ നേതാക്കളും പങ്കെടുത്തു. എല്ലാ രാഷ്ട്രീയ പാർടികൾക്കും നേരെ ബിജെപി സർക്കാർ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമ്പോൾ പിടിച്ച് നിൽക്കാൻ കഴിയാത്ത നിരവധി കോൺ​ഗ്രസ് നേതാക്കളുണ്ടായിരുന്നു. അശോക് ചൗ​ഹാന്റെ കാര്യം രാഹുൽ ​ഗാന്ധി തന്നെയാണ് പറഞ്ഞത്. രാഷ്ട്രീയ പ്രവർത്തകർ എന്നാൽ കസേരയിൽ ഇരുന്ന് പുറത്തെ കാര്യങ്ങൾ നിയന്ത്രിക്കേണ്ടവരല്ല. രാഷ്ട്രീയത്തിൽ പലഘട്ടങ്ങളിലും ഭരണാധികാരികളുടെ കയ്യിൽ നിന്ന് കടുത്ത നടപടികൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയം അവസാനിപ്പിച്ച് പോവുകയല്ല വേണ്ടത്. അതിനെതിരെ പോരാടാനുള്ള ആർജവമാണ് ഉണ്ടാകേണ്ടത്.

എന്നാൽ കോൺ​ഗ്രസിലെ പല നേതാക്കൾക്കും അതിനുള്ള ആർജവം ഇല്ല എന്ന് പരസ്യമായി പറയേണ്ട അവസ്ഥയാണ് മറ്റ് കോൺ​ഗ്രസ് നേതാക്കൾക്ക് പോലും. ഭീഷണിപ്പെടുത്തുമ്പോൾ പാർടി വിട്ട് പോകുന്നത് അം​ഗീകരിക്കാൻ പറ്റുന്നതല്ല. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ രാജ്യത്തിന്റെ താൽപര്യം മുൻനിർത്തിക്കൊണ്ടായിരിക്കണം കോൺ​ഗ്രസ് നിലപാട് സ്വീകരിക്കേണ്ടത് എന്നാണ് കെജ്രിവാളിന്റെ അനുഭവം കോൺ​ഗ്രസിനെ പഠിപ്പിക്കുന്നത്. അത്രത്തോളം ഇന്നലത്തെ റാലി ബിജെപിക്കുള്ള മുന്നറിയിപ്പും കോൺ​ഗ്രസിനുള്ള അനുഭവ പാഠവുമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഡി ​ഗവൺമെന്റ് അധികാരത്തിൽ വന്ന ശേഷമുള്ള 10 വർഷക്കാലം രാജ്യത്തിന്റെ മൂല്യങ്ങളെയാകെ തകർത്തതാണ്. മതനിരപേക്ഷത അംഗീകരിക്കാത്ത ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപിയാണ് ഭരിക്കുന്നത്. 

ഭരണഘടനാ മൂല്യങ്ങൾ തകർത്തുകൊണ്ടിരിക്കുന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിലാണ് അവർക്ക് താൽപര്യം. ആർഎസ്എസിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാലയളവാണിത്. 100 വർഷം തികയുകയാണ്. ആർഎസ്എസ് അജണ്ട പെട്ടെന്നു തന്ന നടപ്പാക്കുക എന്നതാണ് ബിജെപിയുടെ ദൗത്യം. പൗരത്വ നിയമമുൾപ്പെടെ അതിന്റെ ഭാഗമാണ്. വർഗീയതയെ എതിർത്തുകൊണ്ട് മാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാനാകൂ. നിർഭാ​ഗ്യവശാൽ മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന പലർക്കും വർഗീയതയെ എതിർക്കാനാകുന്നില്ല. കോടാനുകോടി ജനങ്ങൾ രാജ്യത്ത് ആശങ്കയിലും ഭയത്തിലും ചിന്തിക്കുന്ന ഒന്നാണ് പൗരത്വ ഭേദ​ഗതി നിയമം. ഇത് രാജ്യത്തുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. എന്നാൽ ഈ വിഷയത്തിലും കോൺഗ്രസിന് കൃത്യമായ നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter called the ral­ly held in Del­hi a strong warn­ing to the BJP

You may also like this video:

Exit mobile version