Site iconSite icon Janayugom Online

സിപിഐക്ക് ആര്‍എസ്എസില്‍ നിന്ന് ദേശസ്നേഹം പഠിക്കേണ്ടതില്ല; ഡി രാജ

സിപിഐക്ക് ആര്‍എസ്എസില്‍ നിന്ന് ദേശസ്നേഹം പഠിക്കേണ്ട ആവശ്യമില്ലെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അദ്ദേഹത്തിന്റെ ഭാരത മാതാവ് ആരാണെന്ന് വ്യക്തമാക്കണമെന്നും രാജ ആവശ്യപ്പെട്ടു. ഭാരത മാതാവിനെക്കുറിച്ചും ത്രിവര്‍ണ പതാകയെക്കുറിച്ചും ഗവര്‍ണര്‍ എന്താണ് മനസിലാക്കുന്നതെന്ന് അറിയില്ല. നമ്മുടെ ഭാരത മാതാവ് കാര്‍ഷിക മേഖലയിലും കാട്ടിലും പ്രവര്‍ത്തിക്കുന്നു. ജലം, ഭൂമി, വനം എന്നിവയെ സംരക്ഷിക്കുന്നു, സ്കൂളുകളിലും ഓഫിസുകളിലും ഫാക്ടറികളിലും പ്രവര്‍ത്തിക്കുന്നു, സൈന്യത്തിലും പ്രതിരോധ സേനയിലും സേവനം അനുഷ്ഠിക്കുന്നു. അവരുടെ ഭാരത മാതാവ് ആരാണ് എന്നത് വ്യക്തമല്ലെന്നും ഡി രാജ പറഞ്ഞു.

ഭാരത മാതാവിന്റെയും ത്രിവര്‍ണ പതാകയുടെയും ഉടമകള്‍ തങ്ങളാണെന്ന് ബിജെപിയും ആര്‍എസ്എസും കരുതുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അവര്‍ പോരാടിയിട്ടില്ല. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിനായി സിപിഐ പോരാടി, ത്യാഗങ്ങള്‍ അനുഭവിച്ചു. ആര്‍എസ് എസ് എന്താണ് ചെയ്തത്? സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ആര്‍എസ്എസ് എന്ത് പങ്കാണ് വഹിച്ചത്? സിപിഐയെ പോലെ 1925ലല്ലേ ആര്‍എസ്എസ് സ്ഥാപിതമായത്? ഗവര്‍ണര്‍മാര്‍ രാജ്ഭവനുകള്‍ ആര്‍എസ് എസ് ഭവനങ്ങളാണെന്ന് കരുതുന്നുണ്ടോ? ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്താണെന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ത്യാഗം എന്താണെന്നും ഗവര്‍ണര്‍ക്ക് അറിയില്ലെന്നും രാജ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ നടത്തിയ ചടങ്ങില്‍ ആര്‍എസ്എസ് പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതോടെ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് ചടങ്ങ് ബഹിഷ്കരിക്കുകയും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ പരിപാടി നടത്തുകയും ചെയ്തിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐ ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.

Exit mobile version