Site iconSite icon Janayugom Online

ഒഴുക്കില്‍പ്പെട്ട ജീപ്പ് യാത്രക്കാരെ കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രക്ഷിച്ചു

KSRTCKSRTC

കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ടുപോയ ജീപ്പ് യാത്രക്കാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രക്ഷിച്ചു. കൊല്ലം റോസ് മലയിലാണ് സംഭവം. കനത്ത മഴയെത്തുടര്‍ന്ന് വനത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനുപിന്നാലെയാണ് മേഖലയില്‍ ഒഴുക്ക് ശക്തമാകുകയായിരുന്നു. പാതയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ റോസ‌്‌മലയിൽ നിന്ന് ആര്യങ്കാവിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസും വിനോദ സഞ്ചാരികൾ വന്ന ജീപ്പും കുടുങ്ങി.
പാലരുവി തോടിന്റെ ഉത്ഭവ സ്ഥലമായ മഞ്ഞത്തേരി തോട്ടിൽ വലിയ ചപ്പാത്തിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ ആണ് വാഹനങ്ങൾ കുടുങ്ങിയത്. ചപ്പാത്തിൽ വെള്ളം നിറഞ്ഞതിനാൽ  ബസും പിന്നാലെ വന്ന അഞ്ച് ബൈക്കുകളും, ജീപ്പും ചപ്പാത്ത് കടക്കാൻ കഴിയാത്ത നിലയിലായിരുന്നു. മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ബസ് ഡ്രൈവർ യു റസീഖ്, കണ്ടക്ടർ ജെ വിനോദ് എന്നിവർ വെള്ളത്തിന്റെ നില പരിശോധിച്ച ശേഷം ബസ് ചപ്പാത്ത് കടക്കാൻ പറ്റുമെന്ന നിഗമനത്തിൽ ബൈക്കിലെത്തിയ വിനോദ സഞ്ചാരികളോട് ബൈക്ക് അവിടെ വച്ചിട്ട് ബസിൽ കയറാൻ നിർദ്ദേശിച്ചു. തുടർന്ന് ബസ് ചപ്പാത്ത് കടക്കുകയും ചെയ്തു.
എന്നാൽ തൊട്ടുപിന്നാലെ വന്ന വിനോദ സഞ്ചാരികളുടെ ജീപ്പ്  ഒഴുക്കിൽപ്പെട്ടു. തുടർന്ന് ബസ് ജീവനക്കാരും, വിവരമറിഞ്ഞ് എത്തിയ റോസ്‌മല വാർഡ് മെമ്പര്‍ അനീഷും ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്ന് കയറിട്ട് ജീപ്പിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. കൊല്ലം രാമന്‍കുളങ്ങര സ്വദേശികളായ രാജ്‌കൃഷ്ണന്‍, രജിത് എന്നിവരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇവരെ ബസിൽ ആര്യങ്കാവ് ബസ് ഡിപ്പോയിലെത്തിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

 

Eng­lish Sum­ma­ry: The crew res­cued the pas­sen­gers of the jeep along with KSRTC employ­ees and passengers

 

You may like this video also

Exit mobile version