Site iconSite icon Janayugom Online

ബിഹാറിൽ നവവധുവിന്റെ മൃതദേഹം വീടിനു മുന്നിൽ ഉപേക്ഷിച്ച സംഭവം; മൃതദേഹം എത്തിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥന്റേതെന്ന് കണ്ടെത്തല്‍

ബിഹാറിൽ നവവധുവിന്റെ മൃതദേഹം വീടിനു മുന്നിൽ ഉപേക്ഷിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. ജനുവരി 16ന് പുലർച്ചെ 12.30 ഓടെയാണ് സരിതയുടെ മൃതദേഹം മാതാപിതാക്കൾ താമസിക്കുന്ന വീടിനു മുന്നിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് മാസം മുമ്പാണ് യുവതിയും വൈശാലി ജില്ല സ്വദേശിയായ സത്യേന്ദ്ര കുമാരും വിവാഹിതരായത്. അതേസമയം, മൃതദേഹം എത്തിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥന്റേതാണെന്ന കണ്ടെത്തല്‍ കേസിന്റെ ഗൗരവം വർധിപ്പിച്ചു. ജനുവരി 16ന് രാവിലെയാണ് വീടിനു മുന്നിൽ മകളുടെ മൃതദേഹം മാതാപിതാക്കൾ കാണുന്നത്. വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധനയില്‍ മൃതദേഹം വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് കണ്ടത്. 

തുടർന്ന് ഹരിഹർ നാഥ് പൊലീസ് നടത്തിയ അന്വേഷണത്തിൽ സന്തോഷ് രജക് എന്ന സബ് ഇൻസ്പെക്ടറുടെ വാഹനം പിടിച്ചെടുത്തു. യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി സരിതയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. വിവാഹത്തിനു ശേഷം എട്ടു ലക്ഷം രൂപ നൽകിയെന്നും എന്നാൽ മൂന്നുലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സരിതയെ ഉപദ്രവിച്ചിരുന്നെന്നും കുടുംബം പറയുന്നു. സരിതയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. 

Exit mobile version