Site iconSite icon Janayugom Online

ഇ ഹെൽത്ത് പദ്ധതി മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കും: മുഖ്യമന്ത്രി

ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്ഥാനത്തെ 50 ആശുപത്രികളിൽ കൂടി ഇ‑ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന്റെയും കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 707 സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം ഉടൻ പൂർണമായി ലഭിക്കും. ബാക്കിയുള്ള 577 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സോഫ്റ്റ്‌വേര്‍ വികസിപ്പിച്ച് സമ്പൂർണ ഇ ഹെൽത്ത് പദ്ധതി യാഥാർത്ഥ്യമാക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഉത്തരവാദിത്തമായാണ് സർക്കാർ കാണുന്നത്. ആശുപത്രികളിലെ തിരക്കു കാരണം രോഗികൾക്ക് ചില സമയങ്ങളിൽ ഡോക്ടറെ കാണാൻ ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നുണ്ട്. ഇത് ഒഴിവാക്കാൻ ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സംവിധാനമാണ് ഇ ഹെൽത്ത് പദ്ധതിയിൽ നടപ്പാക്കിയത്.


ഇതുംകൂടി വായിക്കാം ;സംസ്ഥാനത്ത് 50 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത്


സംസ്ഥാനത്തിന്റെ പ്രത്യേകതയായ മാതൃശിശു സംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഇ ഹെൽത്ത് പദ്ധതിയിലൂടെ നടപ്പാക്കാനാവും. ഭാവിയിൽ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ ഹെൽത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്‌ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സാരേഖ ഇതിലൂടെ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡയബറ്റിക് റെറ്റിനോപതി, ബ്ലഡ്ബാങ്ക് ട്രെയിസബിലിറ്റിയും അനുബന്ധ രക്തസംഭരണ കേന്ദ്രങ്ങളും ബ്ലോക്ക് ചെയിൻ അധിഷ്ഠിത വാക്‌സിൻ കവറേജ് അനാലിസിസ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ എമർജിങ് ടെക്‌നോളജി പ്രോജക്ടിലൂടെ കെ ഡിസ്‌ക്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് റെറ്റിനൽ ഇമേജിന്റെ നിലവാരം അളക്കുന്ന പദ്ധതിയാണ് ഡയബറ്റിക് റെറ്റിനോപതി. ബ്ലഡ് ബാങ്ക് ട്രെയ്സിബിലിറ്റിയും അനുബന്ധ രക്തസംഭരണ കേന്ദ്രങ്ങളും പദ്ധതി തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലാ സ്റ്റോറിലും കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും വാക്‌സിൻ കവറേജ് അനാലിസിസ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്.
eng­lish summary;The e‑health scheme will be imple­ment­ed in all gov­ern­ment health cen­ters: CM
you may also like this video;

Exit mobile version