Site iconSite icon Janayugom Online

കലാഭവൻ നവാസിന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ സിനിമാ ലോകം; സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5ന്

ചലച്ചിത്ര താരം കലാഭവൻ നവാസിന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ സിനിമാ ലോകം. ഹോട്ടൽ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയിൽ നവാസിനെ ആദ്യം കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിലെ ഹോട്ടൽ ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്റെ വിയോ​ഗം. ഇന്നും നാളെയും തന്റെ ഷൂട്ടിങ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്.

പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു ആശുപത്രിയിലെത്തിയവരൊക്കെയും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും അടുത്ത ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് അഞ്ച് മണിയോടെ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്‌ക്കാരം നടക്കും. 

Exit mobile version