ആലപ്പുഴ കാവാലത്ത് യുവാവിന്റെ ദുരൂഹ മരണം സംഭവം കൊലപാതകമാണെന്ന് പൊലീസ്. കാവാലം സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക അണുബാധയായിരുന്നു മരണ കാരണം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. കുറ്റക്കാരായ കുന്നുമ്മ ഐശ്വര്യ ഭവനിൽ യദുകുമാർ (23), കുന്നുമ്മ കൈനിലം വീട്ടിൽ ഹരികൃഷ്ണൻ (22) എന്നിവരെയാണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റുചെയ്തത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
മർദനത്തിൽ തലയ്‍ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയത്. മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ 20ന് കാവാലത്ത് ഷാപ്പിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതികൾ വാങ്ങിവെച്ച മദ്യം സുരേഷ്‌കുമാർ എടുത്ത് കുടിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് സുരേഷിന് മർദനമേറ്റതായി പറയുന്നത്. പിന്നാലെ സുരേഷിന്റെ അമ്മ നൽകിയ പരാതിയിൽ പുളിങ്കുന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

