കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ പോസ്റ്റ് വച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പൊലീസ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.
ഇന്ന് പുലർച്ചെയാണ് റെയിവേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയത്. സംഭവം കണ്ട പ്രദേശവാസിയായ യുവാവ് എഴുകോൺ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം റയിൽവേ പൊലീസ് ഇതേ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പോസ്റ്റ് വീണ്ടും കണ്ടെത്തുകയായിരുന്നു. ട്രയിൻ എത്തും മുൻപ് പോസ്റ്റ് നീക്കാൻ കഴിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.

