Site iconSite icon Janayugom Online

കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു; അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർച്ചയിൽ

മഴയ്ക്ക് അല്പം ശമനം വന്നതോടെ കിഴക്കൻ വെള്ളത്തിൻ്റെ വരവ് കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർച്ചയിൽ. തലവടി, വീയപുരം, മുട്ടാർ, എടത്വാ, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിക്കാത്തത്. ഇന്ന് ഉച്ചവരെ ജലനിരപ്പ് കാര്യമായി ഉയർന്നില്ലെങ്കിലും വൈകിട്ടോടെ ജലനിരപ്പ് അല്പം ഉയർന്നിരുന്നു. ഇതോടെ ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി തുടങ്ങി. തലവടി, വീയപുരം, മുട്ടാർ പ്രദേശങ്ങളിലെ വീടുകളാണ് അധികവും വെള്ളത്തിൽ മുങ്ങിയത്. 

മഴയ്ക്ക് ശമനം വന്നാൽ നാളെ വൈകിട്ടോടെ വെള്ളം ഇറങ്ങി തുടങ്ങും. കിഴക്കൻ വെള്ളത്തിൻ്റെ ശക്തിയെ ആശ്രയിച്ചാണ് അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നത്. ഇന്ന് ഉച്ചയോടെ കിഴക്കൻ വെള്ളത്തിൻ്റെ വരവ് നിലച്ചു തുടങ്ങിയിരുന്നു. കലങ്ങി മറിഞ്ഞുള്ള പ്രധാന നദികൾ ഇന്ന് ഉച്ചമുതൽ തെളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. കിഴക്കൻ മേഖലയിൽ വെള്ളം കുറയുന്നതനുസരിച്ച് അപ്പർ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാറുണ്ട്. മഴ തുടർച്ചയായി ചെയ്യുന്നില്ലെങ്കിലും കാറ്റിനൊപ്പം ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകിട്ടും പെയ്തു. വരും ദിവസങ്ങളിൽ മഴ മാറി നിന്നാൽ മാത്രമേ കുട്ടനാട്ടിൽ നിന്ന് ജലം ഒഴിഞ്ഞു പോകാൻ സാധ്യതയുള്ളൂ. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ജനജീവിതം കടുത്ത ദുരിതത്തിലാണ്. ഉൾപ്രദേശങ്ങളിലെ ഗതാഗതം പൂർണ്ണമായി നിലച്ച മട്ടിലാണ്. യാത്രാ സൗകര്യം കുറഞ്ഞതോടെ വീടുകളിൽ ഒതുങ്ങി കൂടുകയാണ് കുട്ടനാട്ടുകാർ.

Exit mobile version