പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങള്‍ അസ്വസ്ഥജനകമാണ്. ബഹുകക്ഷി രാഷ്ട്രീയ വ്യവഹാരത്തില്‍ സംഘര്‍ഷങ്ങള്‍ അസാധാരണമെന്ന് പറയാനാവില്ല. സംഘര്‍ഷം അക്രമത്തിലേക്ക് തിരിയുന്നതും അക്രമസംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ആക്രമണകാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തലത്തില്‍ നിന്നും ക്രിമിനല്‍ ഗുണ്ടാ പ്രവര്‍ത്തനമായി തരംതാഴുന്നതുമാണ് സമൂഹത്തെ അസ്വസ്ഥമാക്കുന്നത്. ഗുണ്ടാസംഘങ്ങള്‍ തങ്ങളുടെ ഹീനമായ അക്രമപ്രവൃത്തികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അടുത്ത കാലത്തായി കേരളത്തിലെ ഗുണ്ടാസംസ്‌കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണത്. രാജ്യത്തിന്റെ പല ഭാഗത്തും തീവ്ര വര്‍ഗീയതയും അക്രമാസക്ത ദേശീയതയും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിന് ഉപയോഗിച്ചുപോരുന്ന ഫാസിസ്റ്റ് തന്ത്രമാണ് അത്.
ഇതുകൂടി വായിക്കൂ: കുരുതിയുടെ രാഷ്ട്രീയം
സ്ത്രീകളെ ബലാത്സംഗമടക്കം അതിക്രമങ്ങളിലും ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതും അസാധാരണം അല്ലാതായിരിക്കുന്നു. പശുവിന്റെ പേരിലും മതത്തിന്റെ പേരിലും ലൗജിഹാദിന്റെ പേരിലും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് രാജ്യത്തിന്റെ ജനാധിപത്യ മനഃസാക്ഷി ഞെട്ടലോടെയാണ് കണ്ടുപോന്നിരുന്നതും വ്യാപകമായി അപലപിക്കപ്പെട്ടു പോന്നതും. അത്തരം സംഭവങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തുപോന്ന ഒരു ജനാധിപത്യ സംഘടനയുടെ ലേബലിലാണ് കൊടുമണ്‍ വീഡിയോ നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതുമെന്നത് കേരളത്തിലെ ഇടതുപക്ഷ‑ജനാധിപത്യ ചേതനയെ ഞെട്ടിപ്പിക്കുന്നതാണ്. ആ സംഘടനയുടെ നേതൃത്വം അത്യന്തം ഹീനമായ ആക്രമണത്തെയും അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രോഗാതുരമായ മാനസികാവസ്ഥയേയും അപലപിക്കാന്‍ ഇനിയും മുന്നോട്ടു വന്നിട്ടില്ലെന്നത് സമൂഹത്തിനു നല്കുന്ന അപായ സൂചന അവഗണിക്കാവുന്നതല്ല.
ഇതുകൂടി വായിക്കൂ: മത തീവ്രവാദ രാഷ്ട്രീയത്തിന്റെ ഇരകൾ
കൊടുമണ്‍ അടക്കമുള്ള കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാനമാനങ്ങള്‍ക്കോ സാമ്പത്തിക നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. അത് അതാതു പ്രദേശത്തെ രാഷ്ട്രീയ ബലാബലത്തെ സ്വാധീനിക്കുക സ്വാഭാവികമാണ്. കൊടുമണ്ണിലും സമീപകാലത്ത് അത്തരം രാഷ്ട്രീയമാറ്റം ഉണ്ടായിട്ടുണ്ട്. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ആ രാഷ്ട്രീയ ബലതന്ത്രം പ്രകടമാകുകയും ചെയ്തിരുന്നു. അതിന്റെ പ്രതിഫലനമെന്ന നിലയിലുണ്ടായ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആയിരുന്നില്ല. ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. തങ്ങളുടെ പേരില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഫലത്തില്‍ മുന്നണിയേയും അത് നേതൃത്വം നല്കുന്ന സര്‍ക്കാരിനെയുമാണ് പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട. എല്‍ഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് വീണ്ടും അധികാരത്തിലേറ്റിയത് മുന്നണി പ്രവര്‍ത്തകരും അവരുടെ അണികളും മാത്രമല്ല. നിഷ്പക്ഷമതികളായ സാമാന്യജനത്തിന്റെ പിന്തുണയും വോട്ടും കൂടാതെ ആ വിജയം അസാധ്യമായിരുന്നു. അവരില്‍ നിന്ന് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താനെ ഇത്തരം അക്രമസംഭവങ്ങള്‍ സഹായകമാവു.
അക്രമങ്ങള്‍കൊണ്ടും സര്‍വാധിപത്യ പ്രവണതകള്‍കൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിര്‍ത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞേ മതിയാവൂ. അക്രമങ്ങളും ജനാധിപത്യ വിരുദ്ധ പ്രവണതകളും നല്കിയ പാഠങ്ങള്‍ തിരിച്ചറിയാനും സ്വയം തിരുത്താനും വൈകുന്നതിന് വലിയ വില നല്‌കേണ്ടിവരുമെന്ന അനുഭവപാഠങ്ങള്‍ അവഗണിക്കുകയൊ വിസ്മരിക്കുകയൊ അരുത്.