Site iconSite icon Janayugom Online

മുനമ്പം ജുഡീഷ്യൽ കമ്മിഷന് തൽക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

മുനമ്പം ജുഡീഷ്യൽ കമ്മിഷന് തൽക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പം ജുഡീഷ്യൽ കമ്മിഷന്റെ പ്രവ‍ർത്തനം അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും. ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

കമ്മിഷൻ നൽകുന്ന ശുപാർശകൾ സർക്കാരിന് ഇപ്പോൾ നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശുപാർശകൾ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. മുനമ്പം ജുഡീഷ്യൽ കമ്മിഷന്റെ പ്രവ‍ർത്തനം അസാധുവാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീൽ നൽകിയത്. 

ഡിവിഷൻ ബെഞ്ചിൽ സർക്കാർ നൽകിയ അപ്പീലിൽ തീരുമാനമാകുംവരെ ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനാനുമതി നൽകണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് താല്‍ക്കാലികമായി കമ്മിഷന് തുടരാനുള്ള അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയത്. ജുഡീഷ്യൽ കമ്മിഷൻ നൽകുന്ന ശുപാർശകൾ ഡിവിഷൻ ബെഞ്ചിലെ അപ്പീലിൻമേലുളള ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കൂവെന്നാണ് സർക്കാർ ഹൈക്കോടതിയ്ക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് മുനമ്പം ജുഡീഷ്യൽ കമ്മിഷനായി സർക്കാർ നിയമിച്ചിരുന്നത്.

Exit mobile version