നവീകരണം പൂർത്തീകരിച്ച സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരം എംഎൻ സ്മാരകം ഉദ്ഘാടനം ചെയ്തു
Web Desk Trivandrum
നവീകരണം പൂർത്തീകരിച്ച സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരം എംഎൻ സ്മാരകം ഉദ്ഘാടനം ചെയ്തു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് പൊതുചടങ്ങുകള്‍ ഇല്ലാതെയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി പതാക ഉയര്‍ത്തി . തുടര്‍ന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു . ദേശിയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ്ബാബു , പി സന്തോഷ് കുമാർ എം പി , സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ എംഎല്‍എ , പി പി സുനീർ എം പി , നേതാക്കളായ പന്ന്യൻ രവീന്ദ്രൻ , സി ദിവാകരൻ, കെ പി രാജേന്ദ്രൻ ‚സത്യൻമൊകേരി, രാജാജിമാത്യു തോമസ് , ജി ആർ അനിൽ , കെ രാജൻ , പി പ്രസാദ് , ജെ ചിഞ്ചുറാണി , എൻ രാജൻ , കെ പി സുരേഷ്‌രാജ് , ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു . ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ഓഫിസിൽ സംസ്ഥാന കൗൺസിൽ യോഗം ചേർന്നു . ഇന്നലെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടി, എം ടി വാസുദേവന്‍ നായരുടെ വേര്‍പാടിനെത്തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. കോൺഫറൻസ് ഹാൾ, പ്രസ് റൂം, ലൈബ്രറി, സോഷ്യൽമീഡിയ റൂം, ക്വാട്ടേഴ്സ്, മെസ് എന്നിവ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് നവീകരിച്ച കെട്ടിടത്തിലുള്ളത്.
ജനതയുടെ ഉത്തമതാല്പര്യത്തിന്റെ പ്രതീകമായി നിലകൊള്ളും: ബിനോയ് വിശ്വം
ഇന്നത്തെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വഹിക്കേണ്ട പങ്ക് ഫലപ്രദമായി വഹിക്കാൻ ഉചിതമായ തീരുമാനങ്ങളെടുക്കാനുള്ള വേദിയായി എം എന്‍ സ്മാരകത്തെ മാറ്റുമെന്ന് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാനത്ത് നിരവധി മഹത്തായ പ്രവർത്തനങ്ങൾക്കുള്ള തീരുമാനങ്ങൾ കൈക്കൊണ്ട കേന്ദ്രമാണ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ ഓഫിസ്.
സഖാവ് പി കൃഷ്ണപിള്ളയിലാരംഭിക്കുന്ന നേതൃത്വപരമ്പരയിലെ എല്ലാവരുടെയും ആവേശത്തിന്റെയും അഭിമാനബോധത്തിന്റെയും പര്യായമാണ് പാർട്ടി ഓഫിസ്. പുതിയ കാലം ആവശ്യപ്പെടുന്ന സാങ്കേതികത്തികവുകൾ ഈ ഓഫിസിലുണ്ടാകും. പാര്‍ട്ടിയുടെ രാഷ്ട്രീയ കർത്തവ്യങ്ങളും സാമൂഹ്യബാധ്യതകളും എല്ലാം നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ആസ്ഥാനമാക്കി ഈ ഓഫിസിനെ മാറ്റും. ഇക്കാലമത്രയും കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെയാണോ പ്രവർത്തിച്ചത്, ജനങ്ങളെ സേവിച്ചത്, പാവപ്പെട്ട മനുഷ്യരെ കൂറോടെ കണ്ടത്, ആ സ്നേഹവും കൂറും വീറും വാശിയുമെല്ലാം ലവലേശം നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കാനുള്ള ചർച്ചകളുടെയും തീരുമാനങ്ങളുടെയും കേന്ദ്രം കൂടിയായിരിക്കും പാർട്ടി ഓഫിസെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫിസിലെ ചർച്ചകളും തീരുമാനങ്ങളുമാണ് 57ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പിറവിക്ക് ആധാരമായത്. മത്സരത്തിനൊരുങ്ങുമ്പോള്‍ എല്ലാവരും പറഞ്ഞത്, പാർട്ടിക്ക് അംഗബലമുള്ള അസംബ്ലി ഉണ്ടാകുമെന്നാണ്. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിക്കാൻ പോകുകയാണെന്ന് ഉറപ്പോടെ പറഞ്ഞത് എം എന്‍ ഗോവിന്ദന്‍ നായര്‍ ആയിരുന്നു.
ഈ ഓഫിസ് സഖാവ് കാനത്തിന്റെ സ്വപ്നമായിരുന്നു. ഏറ്റവും സമയബന്ധിതമായി ഇത് പൂർത്തിയാക്കാൻ പറ്റുമെന്ന് ഉറപ്പോടെ പറഞ്ഞ കാനം ഈ മുഹൂർത്തത്തിൽ ഇല്ലെങ്കിലും നമ്മുടെയെല്ലാം ചിന്തകളിലും പ്രവർത്തനങ്ങളിലും കാനത്തിന്റെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. പാർട്ടിയുടെ വരുംകാലത്തെ മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും ആസ്ഥാനമാകും എംഎന്‍ സ്മാരകം. നാടിന്റെയും ജനതയുടെയും ഉത്തമതാല്പര്യത്തിന്റെ പ്രതീകമായി ഇന്നലെ നിലകൊണ്ടതുപോലെ ഇന്നും നാളെയും പാര്‍ട്ടിയും എംഎന്‍ സ്മാരകവും നിലകൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു.