പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ത്ഥി നല്‍കിയ പത്രിക തള്ളി. കോളയാഡ് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ അനീഷ് നല്‍കിയ പത്രികയാണ് വരണാധികാരി എ കെ ജയശ്രീ തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി .
രണ്ട് പത്രികകളും തള്ളിയതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥികളില്ലാതെയായി. സൂക്ഷ്മപരിശോധനാവേളയിലാണ് അനീഷ് രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കിയത് കണ്ടെത്തിയത്. എന്നാല്‍ ഇത് അനുവദനീയമല്ലാത്തതിനാലാണ് പത്രിക തള്ളിയത്.നാമനിര്‍ദേശപത്രികയില്‍ പഞ്ചായത്തിന്റെ പേരും ബ്ലോക്ക് ഡിവിഷന്റെ പേരും ഒന്നായതാണ് തെറ്റുവരാന്‍ കാരണമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ആദ്യ ദിവസം നല്‍കിയ പത്രികയില്‍ ഇത്തരത്തില്‍ തെറ്റ് സംഭവിച്ചതിനാലാണ് അടുത്ത ദിവസം ജനറല്‍ വാര്‍ഡില്‍ വീണ്ടും പത്രിക സമര്‍പ്പിച്ചത്.

