Site iconSite icon Janayugom Online

എസ്‍സി,എസ്‍ടി കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തി

രാജ്യത്തെ എസ്‌സി-എസ‌്ടി, ഒബിസി കമ്മിഷനുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിയതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശീയ പട്ടിക ജാതി കമ്മിഷനും പട്ടിക വര്‍ഗ കമ്മിഷനും വാര്‍ഷിക റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടില്ല. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് മൂന്ന് വര്‍ഷമായെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 

ഈ മൂന്നുവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപ്പാക്കിയ കാര്യങ്ങള്‍ കമ്മിഷനുകള്‍ എല്ലാ വര്‍ഷവും രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. ഈ സമൂഹങ്ങളുടെ സംരക്ഷണം, ക്ഷേമം, സാമൂഹ്യ‑സാമ്പത്തിക വികസനം എന്നിവയ്ക്കായി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുള്ള അധികാരവും ഈ കമ്മിഷനുകള്‍ക്ക് നല്‍കുന്നു.

മുന്‍കാലങ്ങളില്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ വിശാലമായ നയരൂപീകരണത്തിലേക്ക് വഴിയൊരുക്കിയിരുന്നു. സംവരണത്തിന്റെ വ്യത്യസ്ത വശങ്ങള്‍, ക്രീമിലെയര്‍ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, സമൂഹങ്ങളുടെ വര്‍ഗീകരണം, ആരോഗ്യ‑അടിസ്ഥാന സൗകര്യ ഇടപെടലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സമര്‍പ്പിക്കാനുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ക്ക് പുറമേ, 2024 ഫെബ്രുവരി മധ്യത്തില്‍ രാഷ്ട്രപതിക്ക് നല്‍കിയ 2022–23ലെ ദേശീയ പട്ടിക ജാതി കമ്മിഷന്‍ വാര്‍ഷിക റിപ്പോര്‍ട്ട് ഇതുവരെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടില്ല.

2018–19 മുതല്‍ 2022–23 വരെയുള്ള ദേശീയ പട്ടിക വര്‍ഗ കമ്മിഷന്റെ അഞ്ച് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ മാത്രമേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവൂ. ഇതിലൂടെ മാത്രമേ വിവിധ സമുദായങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ രാജ്യത്തിന് അറിയാനാവൂ. 

റിപ്പോര്‍ട്ട് ഉടന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023–24 റിപ്പോര്‍ട്ട് അച്ചടിക്കാന്‍ കൊടുക്കുകയാണ്, അടുത്ത വര്‍ഷത്തെ റിപ്പോര്‍ട്ടിനായി കരട് തയ്യാറാക്കാന്‍ സംഘത്തെ രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. 2022–23, 2023–24 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അച്ചടിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും എന്‍സിബിസി ചെയര്‍പേഴ്സണ്‍ ഹന്‍സ്‍രാജ് ഗംഗാറാം അഹിര്‍ പറഞ്ഞു.
വളരെ വൈകിയാണ് റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്, അതിനാല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ പലപ്പോഴും ഉപയോഗശൂന്യമോ അപ്രസക്തമോ ആയിത്തീരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2015–16ലെ ദേശീയ പട്ടികജാതി കമ്മിഷന്‍ റിപ്പോര്‍ട്ട് 2019ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിദഗ്ധരും വിഭവങ്ങളും കമ്മിഷന് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Exit mobile version