ചരിത്രഗണനയുടെ കലണ്ടറിൽ ചുവപ്പ് ചാലിച്ച സെലീറ്റാ സമരത്തിന് ആലപ്പുഴയിലെ തൊഴിലാളി സംഘടന ചരിത്രത്തിലുള്ളത് മുഖ്യസ്ഥാനം .
നിത്യ ഭാസുരമായ ആ സമരേതിഹാസം വിപ്ലവപ്പോരാളികളുടെ മനസ്സിലെ സിന്ദൂരപ്പൊട്ടായി മാറിയത് ചരിത്രം . ക്രാന്തദർശിയായ തൊഴിലാളി യൂണിയൻ നേതാവ് ടി വി തോമസിന്റെ നിലപാടുകൾക്ക് മുന്നിൽ മുതലാളിമാർ മുട്ടുമടക്കിയതാണ് സമരത്തിന്റെ പ്രധാന സവിശേഷത . ഇതോടെ സെലിറ്റാ സമരം യൂണിയന്റെ ചരിത്രത്തിലെ പൊൻ തൂവലായി മാറി .രണ്ടാം ലോക മഹായുദ്ധ കാലത്ത് പട്ടാളക്കാർക്ക് തണുപ്പിനെ അതിജീവിക്കാനുള്ള ഉൽപ്പന്നമായ സെലീറ്റാ നിർമ്മിക്കുന്നതിന് വൻതോതിലുള്ള ഓർഡറാണ് ആലപ്പുഴയിലെ ആസ്പിൻവാൾ കമ്പിനിക്ക് ലഭിച്ചത് . ഇതിനെത്തുടർന്ന് ബോംബെ കമ്പിനി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ അവിടെ ജോലിക്ക് കയറ്റുവാൻ കമ്യുണിസ്റ്റ് പാർട്ടി തീരുമാനിച്ചു . സെലീറ്റായും ടെന്റും നിർമിക്കാനായി രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത് . 1943ൽ ആസ്പിൻവാൾ കമ്പനിയിലാണ് കമ്യൂണിസ്റ്റ് പാർടിയുടെ ആലപ്പുഴയിലെ ആദ്യഘടകം രൂപംകൊള്ളുന്നത്. പാർട്ടി നിർദ്ദേശപ്രകാരം നേതാക്കളായ വി എസ് അച്ചുതാനന്ദൻ , സി കെ കേശവൻ , എ കെ ശ്രീധരൻ എന്നിവർ ആസ്പിൻവാൾ കമ്പിനിയിൽ ജോലി ചെയ്യുന്ന കാലം . ഒട്ടേറെ സമരങ്ങളെ മുന്നിൽനിന്ന് നയിച്ച ഇവരുടെ സജീവമായഇടപെടലിനെ തുടർന്ന് ശക്തമായ അടിത്തറയുള്ള ട്രേഡ് യൂണിയനാണ് കമ്പിനിയിലുള്ളത് . സെലിറ്റാ നിർമാണത്തിന്റെ കൂലി നിശ്ചയിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുവാൻ ടി വി തോമസ് കമ്പിനിയിൽ എത്തി . എന്നാൽ നടത്തിപ്പുകാരനായ സ്മിത്തിന്റെ ധാർഷ്ട്യം കണ്ട് വെല്ലുവിളിച്ചു കൊണ്ട് ടി വി തോമസ് ഇറങ്ങിപ്പോയി . പിന്നെ നാട് കണ്ടത് ശക്തമായ തൊഴിലാളി പ്രക്ഷോഭവും .
മുഴുവൻ തൊഴിലാളികളും അണിനിരന്ന പണിമുടക്കിൽ ആസ്പിൻവാൾ കമ്പിനി അക്ഷരാർത്ഥത്തിൽ നിശ്ചലമായി . അസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും കുടില നീതികളാണ് മാനേജമെന്റ് നടപ്പാക്കുന്നതെന്ന് തൊഴിലാളികൾക്കറിയാമായിരിന്നു . ഇവയുടെ രാവണൻകോട്ട തകർത്തുകൊണ്ടു മാത്രമേ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടൂ എന്നും അവർ മനസ്സിലാക്കി. ഒരു നാടിന്റെയും ജനതയുടെയും സ്വാതന്ത്ര്യത്തിന്റെ ഗരിമയിലേക്ക് സമരം വളർന്നു പന്തലിക്കുകയായിരിന്നു . അചഞ്ചലരായി പണിമുടക്കിൽ അണിനിരന്ന തൊഴിലാളികളുടെ മനസ് മാറ്റാൻ കമ്പിനി നടത്തിപ്പ് കാരൻ സ്മിത്ത് പരമാവധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല . കമ്പിനിയിലെ എല്ലാ ഡിപ്പാർട്ടുമെന്റുകളിലെയും കൺവീനർമാർ കമ്മ്യുണിസ്റ്റ് പാർട്ടി അംഗങ്ങളായതിനാൽ പണിമുടക്കിന്റെ ശക്തി പതിന്മടങ്ങായി . രാത്രി വൈകിയും കമ്പിനി മാനേജ്‌മെന്റ് പണിമുടക്ക് പിൻവലിക്കാൻ തൊഴിലാളികളിൽ സമ്മർദ്ദം ശക്തമാക്കി . നേരം പുലർന്നപ്പോൾ വള്ളത്തിൽ എത്തിയ ചരക്ക് ഇറക്കുവാൻ ഒരു ജീവനക്കാരൻ പോലും തയ്യാറായില്ല . തുടർന്ന് കമ്പിനി നടത്തിപ്പുകൾ ഇതിനായി മുന്നോട്ട് വന്നപ്പോൾ തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അവർക്ക് പിൻവാങ്ങേണ്ടി വന്നു . ദിക്കുകൾ ഭേദിച്ച് സംഘർഷം കൂടുതൽ ശക്തമായി . പ്രതിഷേധിച്ച തൊഴിലാളികൾ കൊത്തുവാൽ ചാവടി പാലം മുതൽ ആസ്പിൻവാൾ കമ്പിനി പടിക്കൽ വരെ മനുഷ്യ മതിൽ തീർത്തപ്പോൾ മുതലാളിമാർ ഞെട്ടി വിറച്ചു . സമരം കൈവിട്ട് പോകുമെന്ന് തിരിച്ചറിഞ്ഞ കമ്പിനി അധികൃതർ തിടുക്കപ്പെട്ട് യൂണിയൻ ഓഫിസിൽ പോയി ടി വി തോമസുമായി കൂടിക്കാഴ്ച നടത്തി . ചർച്ചകൾക്കൊടുവിൽ ടി വി മുന്നോട്ട് വെച്ച ഡിമാന്റുകൾ അവർക്ക് അംഗീകരിക്കേണ്ടി വന്നു . അങ്ങനെ ചരിത്രത്തിൽ ആദ്യമായി മുൻകാല പ്രാബല്യത്തോടെ സെലിറ്റാ നിർമാണ കൂലി വർധിപ്പിക്കാൻ ധാരണയായി . തൊഴിലാളികളുടെ ആത്മവിശ്വാസം പതിന്മടങ്ങായി വർധിപ്പിച്ച ഈ സമരം തുടർ പ്രക്ഷോഭങ്ങൾക്കുള്ള ഊർജ്ജ സ്‌ത്രോതസായി മാറുന്നതാണ് നാട് കണ്ടത് .

