Site iconSite icon Janayugom Online

അഗതി മന്ദിരത്തിൽ കഴിഞ്ഞ അച്ഛൻ മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു; മൃതദേഹം കിടത്തിയത് മുറ്റത്ത്

അഗതി മന്ദിരത്തിൽ കഴിഞ്ഞ അച്ഛൻ മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടതിനെ തുടർന്ന് മൃതദേഹം കിടത്തിയത് മുറ്റത്ത്.
അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ തോമസാണ്(78) മണലൂരിലെ അഗതി മന്ദിരത്തിൽ മരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് മകനും മരുമകളും മർദിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ റോസിലിക്കൊപ്പം വീട് വിട്ടിറങ്ങിയത്. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. 

വീട്ടിലെത്തിച്ച പിതാവിന്റെ മൃതദേഹം ഉള്ളിലേക്ക് കയറ്റാനായില്ല. മകന് വേണ്ടി ഏറെ നേരം മൃതദേഹവുമായി വീടിന് പുറത്ത് കാത്തിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത മകൻ പിതാവിന്റെ അന്ത്യകർമങ്ങളിൽ പോലും പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു. മകനോടു തിരിച്ചുവന്ന് മൃതദേഹം അകത്തുകയറ്റാൻ കുടുംബവുമായി അടുപ്പമുള്ള പലരും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പഞ്ചായത്ത് അധികൃതരും അന്തിക്കാട് പൊലീസും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 

പുറത്താക്കിയ വീട്ടിലേക്ക് തങ്ങൾക്ക് ഇനി കയറേണ്ടെന്ന് തോമസിന്റെ ഭാര്യ റോസിലി തീരുമാനിച്ചതോടെ മൃതദേഹം മഞ്ചയിൽ മുറ്റത്തു കിടത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. പനിബാധിച്ച് ഇന്നലെ പുലർച്ചെയാണ് തോമസ് മരിച്ചത്. സ്വന്തം വീട്ടിലെ അന്ത്യശുശ്രൂഷക്ക് ശേഷം ഇടവക പള്ളിയിൽ സംസ്‌കരിക്കാനായാണ് മൃതദേഹം ഒമ്പതരയോടെ വീട്ടിലെത്തിച്ചത്. പിന്നീട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ തോമസിന്റെ സംസ്‌കാരം നടത്തി.

Exit mobile version