Site iconSite icon Janayugom Online

പട്ടികവർഗ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ‘കാറ്റാടി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ

kattadikattadi

പട്ടികവർഗവിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാരുടെ ജീവിതനിലവാരമുയർത്തുന്നതിന് ‘കാറ്റാടി (കേരള ആക്‌സിലറേറ്റഡ് ട്രൈബൽ എബിലിറ്റി ഡെവലപ്‌മെന്റ് ആൻഡ് ഇൻക്ലൂഷൻ ഇനിഷ്യേറ്റീവ്)’ എന്ന പേരിൽ പുതിയ പദ്ധതിക്ക് സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് രൂപംകൊടുത്തു. കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സിആർസി-കെയുടെ (കോംപോസിറ്റ് റീജ്യണൽ സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ്, റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേഴ്‌സൺ വിത് ഡിസെബിലിറ്റീസ്, കോഴിക്കോട്) സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. 

പട്ടികവർഗ വിഭാഗങ്ങളിൽപെട്ട ഭിന്നശേഷിക്കാരായ ആളുകൾ ഒട്ടേറെ വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നതെന്നും ഇതിന് ഘട്ടം ഘട്ടമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പട്ടികജാതി പട്ടികവർഗ വികസന വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി കാര്യമായ അവബോധമില്ലാത്തത് ഇവരെ വിവേചനങ്ങളിലേക്കും അതുമൂലമുള്ള മാനസ്സിക പ്രശ്‌നങ്ങളിലേക്കും സാമൂഹികവും സാമ്പത്തികവുമായ പുറംതള്ളലുകളിലേക്കും നയിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളും കുറവായ വിദൂരമേഖലകളിലുള്ളവരിൽ ആരോഗ്യപരിരക്ഷയും പുനരധിവാസവും വളരെ കുറച്ചുമാത്രമേ എത്തുന്നുള്ളു. ഈ പ്രശ്‌നങ്ങളെ നേരിടാനാണ് ‘കാറ്റാടി’ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍പെട്ട മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സൗജന്യമായി വീല്‍ചെയറുകളും ഹിയറിംഗ് എയ്ഡുകളും പോലുള്ള ആധുനിക സഹായകോപകരണങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഭിന്നശേഷി നേരത്തേ മനസ്സിലാക്കി ഇടപെടുന്നതുകൊണ്ടും വൈകല്യങ്ങളെ ലഘൂകരിക്കാനും നിത്യജീവിതത്തിൽ സഹായിക്കാനും സാധിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുമുള്ള ഗുണങ്ങളെപ്പറ്റി അവബോധമുണ്ടാക്കുകയാണ് ആദ്യം ചെയ്യുക. വീടുകൾ സന്ദർശിച്ചും തുടർപ്രവർത്തനങ്ങളിലൂടെയും എല്ലാവരുടേയും ഉൾപ്പെടുത്തൽ ഉറപ്പാക്കും. ആവശ്യമെങ്കിൽ പ്രാദേശികമായി മെഡിക്കൽ ബോർഡുകൾ രൂപീകരിച്ച് പിന്തുണ തേടും. മൂല്യനിർണയ‑വിതരണ ക്യാംപുകൾ, അവബോധ- പരിപാടികൾ തുടങ്ങിയവ അതതിടങ്ങളിൽ പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ എഡിഐപി (അസിസ്റ്റൻസ് ടു ഡിസേബിൾഡ് പേഴ്‌സൺസ് ഫോർ പർച്ചേസിംഗ്, ഫിറ്റിംഗ് ഓഫ് എയ്ഡ്‌സ്, അപ്ലയൻസസ്) സ്‌കീം വഴി ആയിരം ഉപഭോക്താക്കൾക്കായി സിആർസി-കെയാണ് സഹായകോപകരണങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുക. 

പട്ടികവർഗ വിഭാഗത്തിൽപെട്ട എല്ലാവരുടേയും രേഖകൾ അവരവരുടെ ഡിജി-ലോക്കറിൽ സൂക്ഷിക്കുന്നതിനായി എബിസിഡി (അക്ഷയ ബിഗ് ക്യാംപെയ്ൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) എന്ന പരിപാടി ഇപ്പോള്‍ നടന്നുവരുന്നുണ്ട്. വയനാട് ജില്ലയില്‍ പൂര്‍ത്തിയായ പദ്ധതി പാലക്കാട് ഉള്‍പ്പെടെ ആദിവാസിവിഭാഗക്കാര്‍ കൂടുതലുള്ള മറ്റ് മേഖലകളില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ കാറ്റാടി പദ്ധതി ആദ്യം ഈ ജില്ലകളിലായിരിക്കും നടപ്പാക്കുക. തുടര്‍ന്ന് കേരളത്തിലുടനീളം ഇത് വ്യാപിപ്പിക്കും.

Eng­lish Sum­ma­ry: The state gov­ern­ment has come up with the ‘Kata­di’ scheme for the uplift­ment of the Sched­uled Tribes and the dif­fer­ent­ly abled

You may also like this video

Exit mobile version