Site iconSite icon Janayugom Online

വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം മുൻനിരയിൽ

വിദ്യാഭ്യാസരംഗത്ത് കേരളം മുൻപന്തിയിൽ തുടരുന്നതായി ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട്(എഎസ്ഇആര്‍). കുട്ടികളുടെ പ്രവേശനത്തിലും വായനാ വൈദഗ്ധ്യത്തിലും അടിസ്ഥാന ഗണിത വിദ്യാഭ്യാസത്തിലും ഡിജിറ്റല്‍ സാക്ഷരതയിലും കേരളത്തിലെ കുട്ടികള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്. വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം വെറും 0.1 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം വായനാ നൈപുണ്യത്തില്‍ കേരളം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിയതോതില്‍ പിന്തള്ളപ്പെട്ടു. 

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 55.6 ശതമാനം പേരാണ് വായനാ വൈദഗ്ധ്യത്തില്‍ രണ്ടാം ക്ലാസ് നിലവാരം രേഖപ്പെടുത്തിയത്. അതേസമയം ദേശീയതലത്തില്‍ അഞ്ചാം ക്ലാസ് കുട്ടികളില്‍ രണ്ടാം ക്ലാസ് പാഠം വായിക്കാൻ കഴിയുന്നവരുടെ ശരാശരി അനുപാതം 2024‑ൽ 44.8 ശതമാനമാണ്. 2018‑ൽ 44.2 ശതമാനം ആയിരുന്നത് 2022‑ൽ 38.5 ആയി കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നത്. 

605 ഗ്രാമീണ ജില്ലകളിലായി 6,49,000 കുട്ടികള്‍ ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. രാജ്യത്ത് ഗ്രാമീണ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ആറ് മുതല്‍ 14 വയസുവരെയുള്ള വിദ്യാര്‍ത്ഥികളില്‍ 95 ശതമാനവും സര്‍ക്കാര്‍ സ‌്കൂളുകളിലാണ് പഠിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇതില്‍ 2022ലെ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന് ശേഷം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 98.1 ശതമാനം വിദ്യാര്‍ത്ഥി പ്രവേശനം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2024 ല്‍ ഇത് 2018 ലെ സാഹചര്യത്തിലേക്ക് തിരിച്ചെത്തി. 

ദേശീയതലത്തില്‍ കുട്ടികളുടെ വായനാ വൈദഗ്ധ്യം രണ്ട് വർഷത്തിനുള്ളിൽ ഏഴു ശതമാനം കൂടി. അടിസ്ഥാന ഗണിത വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി ഗണ്യമായ പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം 80 ശതമാനമാണെന്നും എന്നാല്‍ പഠനാവശ്യത്തിന് സ്മാര്‍ട്ട് ഫോണ്‍ വിനിയോഗിക്കുന്നവരാകട്ടെ കേവലം 50 ശതമാനം പേര്‍ മാത്രമാണെന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ ലിംഗാനുപാതം പ്രകടമാണെന്നും പ്രഥം ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ 89.1 ശതമാനം വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ ആവശ്യത്തിനായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നവരാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

Exit mobile version