Site iconSite icon Janayugom Online

പലസ്തീൻ ജനതയ്ക്കായുള്ള പോരാട്ടം തുടരും: ഇഡോ ആനന്ദ് ഇലാം

പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന പലസ്തീൻ ജനതയ്ക്കായുള്ള പോരാട്ടം തുടരുമെന്ന് ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ യങ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെല്‍ അവീവ് പാര്‍ട്ടി സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം. സിപിഐ സംസ്ഥാന ആസ്ഥാനമായ എംഎൻ സ്മാരകത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ പോരാട്ടം ഇസ്രയേലിലെ അധികാര വര്‍ഗത്തിനും മൂലധന ശക്തികള്‍ക്കുമെതിരെയാണ്. 18 തികയുന്നവര്‍ നിശ്ചിതകാലം നിര്‍ബന്ധിത സൈനിക സേവനം ചെയ്തിരിക്കണമെന്ന് ഇസ്രയേലില്‍ നിയമമുണ്ട്. അതിന് തയ്യാറാകാതിരുന്നതിനാല്‍ അവര്‍ എന്നെ ജയിലിലടച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും ഞാൻ പോരാട്ടം അവസാനിപ്പിക്കില്ല‑ഇഡോ പറഞ്ഞു.
ഇഡോയെയും പിതാവ് യെദാം ഇലത്തിനെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ഉപഹാരവും നൽകി. മക്കള്‍ സന്തോഷമായിരിക്കണമെന്നും അതുപോലെ തന്നെ മറ്റുള്ളവര്‍ കൂടി സന്തോഷിക്കുന്നതിന് നമ്മള്‍ കാരണക്കാരാവണമെന്നുമാണ് മകനെ താൻ പഠിപ്പിച്ചിട്ടുള്ളതെന്ന് യെദാം പറഞ്ഞു.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യൻ മൊകേരി, പി പി സുനീർ എംപി, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ എന്നിവരും മന്ത്രിമാരും നിരവധി പാർട്ടി നേതാക്കളും സംബന്ധിച്ചു. 

Exit mobile version