ഡിജിറ്റൽ സര്‍വകലാശാലയിലെയും എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെയും വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ ക്രമത്തിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രീംകോടതിയെ അറിയിക്കണം.
തുടര്‍ന്ന് ഇക്കാര്യത്തിൽ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.
സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

