Site icon Janayugom Online

സർവിക്കൽ കാൻസറിന് ഇന്ത്യയിൽ അതിജീവനനിരക്ക് 51.7 ശതമാനം മാത്രം

cancer

സർവിക്കൽ ക്യാൻസറിനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വിദഗ്‍ദ്ധർ. വൈറസിനെതിരെയുള്ള വാക്സിനിലൂടെ ഫലപ്രദമായി തടയാവുന്നതാണ് ഈ കാൻസർ. പെൺകുട്ടികൾക്കും യുവതികൾക്കും വാക്സിനേഷൻ നൽകുന്നത് ‌സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി പറഞ്ഞു. സർവിക്കൽ കാൻസർ ബോധവത്കരണ മാസം ആചരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെർവിക്കൽ കാൻസറിനെ കുറിച്ച് അമൃത ഹോസ്പിറ്റൽ നടത്തുന്ന പഠനത്തിലെ വിവരങ്ങൾ ചൂണ്ടികാണിക്കുന്നു. മിക്കവരിലും കാൻസറിന്റെ വികസിത ഘട്ടത്തിൽ രോഗനിർണയം നടത്തുന്നത് അതിജീവനം മോശമാകുന്നതിലേക്ക് നയിക്കുന്നുവെന്ന് ഡോ.അശ്വതി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്തും തിരുവനന്തപുരത്തെയും കൊല്ലത്തെയും കാൻസർ രജിസ്‌ട്രി പ്രകാരം കേരളത്തിൽ മൂന്നാംസ്ഥാനത്തുമുള്ള അർബുദമാണ് ഗർഭാശയഗള അർബുദം അഥവാ സർവിക്കൽ കാൻസർ. സെർവിക്കൽ ക്യാൻസറിന്റെ ശരാശരി 7.3 ആണ്, അതായത് ഒരു വർഷം 100000 സ്ത്രീകളിൽ 7 സ്ത്രീകൾക്ക് ഇത് ബാധിക്കപ്പെടുന്നു. എന്നാൽ, ഈ രോഗികളിൽ പകുതി, 51.7% മാത്രമാണ് ഇന്ത്യയിൽ രോഗനിർണയത്തിനു ശേഷം 5 വർഷം അതിജീവിക്കുന്നത്. ത്രിപുര പോലുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് അതിജീവനം ഏറ്റവും കുറവ്, 31%. അതിജീവനം ഏറ്റവും ഉയർന്നത് അഹമ്മദാബാദിലാണ്, 61.5%. തൊട്ടുപിന്നിൽ കേരളത്തിലെ രണ്ട് ജില്ലകളാണ്, തിരുവനന്തപുരവും കൊല്ലവും. 58.8% ഉം 56.1% ഉം ആണ് അവിടങ്ങളിലെ അതിജീവന നിരക്ക്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് അതിജീവനം കൂടുതൽ.

ഹ്യൂമൻ പാപ്പിലോമ എന്ന വൈറസ് ശരീരത്തിൽ വിടാതെ പിടിമുറുക്കുന്നതാണ് സർവിക്കൽ കാൻസറിലേക്ക് നയിക്കുന്നത്. നിരവധി ഗർഭധാരണങ്ങൾ, സ്വകാര്യഭാഗങ്ങളിലെ ശുചിത്വമില്ലായ്മ, കുറഞ്ഞ രോഗപ്രതിരോധശേഷി, പുകയില, ഒന്നിലധികം ലൈംഗിക പങ്കാളികൾ, ലൈംഗികജീവിതം നേരത്തെ ആരംഭിക്കുന്നത് തുടങ്ങിയവ വൈറസ് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒരാളുടെ ലൈംഗികജീവിതം വളരെ ഊർജ്ജസ്വലമായി നിൽക്കുന്ന കാലഘട്ടത്തിലാണ് വൈറസിന്റെ പ്രവർത്തനം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരിലാണ് വൈറസ് ബാധിക്കാനുള്ള സാധ്യതയേറെയും. പത്ത് മുതൽ 15 വർഷം എടുത്താണ് വൈറസ് കോശത്തിന് രൂപമാറ്റം വരുത്തുന്നത്. കോശത്തിന് രൂപമാറ്റം സംഭവിക്കുന്ന സിഐഎൻ ‑1, സിഐഎൻ ‑2, സിഐഎൻ ‑3 എന്നിങ്ങനെയാണ് സെർവിക്കൽ കാൻസറിന് മുമ്പുള്ള ഘട്ടങ്ങൾ. ഇതിൽ ആദ്യഘട്ടം ശരീരം തന്നെ സുഖപ്പെടുത്തും. രണ്ടും മൂന്നും ഘട്ടങ്ങളാണ് കാൻസറായി മാറുന്നത്. അതുകൊണ്ട് തന്നെ സെർവിക്കൽ കാൻസറിന് പ്രത്യേകം ലക്ഷണങ്ങൾ തുടക്കത്തിൽ ശരീരം കാണിക്കില്ല. എന്നാൽ, കാൻസറായിക്കഴിഞ്ഞാൽ ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം, ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം എന്നിങ്ങനെയുണ്ടാകാം.

ഏറ്റവും പുതിയ ഐഎആർസി ഗ്ലോബോകാൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിലവിൽ എച്ച്പിവി വാക്സിനേഷൻ നിരക്ക് 1 ശതമാനത്തിൽ താഴെയും നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് കവറേജ് 2–3 ശതമാനവും മാത്രമാണ്. എറണാകുളത്ത് അടുത്തിടെ നടത്തിയ ഒരു പഠനം എച്ച്.പി.വി വാക്സിനേഷനെക്കുറിച്ചുള്ള അവബോധം ഇവിടെ മോശമാണെന്ന് കാണിക്കുന്നു. നാലിൽ ഒരാൾ മാത്രമാണ് വാക്സിനേഷനെക്കുറിച്ച് കേട്ടിട്ടുള്ളത്. 9–14 വയസ്സിനിടയിലുള്ള പെൺകുട്ടികളിൽ എച്ച്പിവി വാക്സിൻ നൽകുന്നതിലൂടെ ഭാവിതലമുറയിൽ കാൻസർ ഇല്ലാതാക്കാനാവും. വാക്സിൻ ജനനേന്ദ്രിയ അരിമ്പാറ, ഓറൽ, ഏനൽ അർബുദം മുതലായവയിൽ നിന്ന് സംരക്ഷിക്കും എന്ന കാരണത്താൽ ചില രാജ്യങ്ങൾ ആൺകുട്ടികൾക്കും വാക്സിനേഷൻ നൽകുന്നുണ്ട്. എന്നാൽ എച്ച്.പി.വി വാക്സിന്റെ ഉയർന്ന വില വെല്ലുവിളിയാണ്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ അവതരിപ്പിച്ചതോടെ ചിലവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സർക്കാരുകളും പൗരസമൂഹവും ഇതിന് മുൻഗണന നൽകണം. ഇന്ത്യയിലെ സിക്കിം സംസ്ഥാനം മാതൃകാപരമായി കുട്ടികളിൽ എച്ച്പിവി വാക്സിനേഷൻ നടപ്പാക്കിയിട്ടുണ്ട്.

രോഗത്തെ ഇല്ലാതാക്കാൻ നമ്മെ സഹായിക്കുന്ന മൂന്ന് പോയിന്റ് ഫോർമുല ഡബ്ള്യു എച്ച് ഒ മുന്നോട്ടുവയ്ക്കുന്നു. വാക്‌സിനേഷൻ, നിലവാരമുള്ള പരിശോധനകൾ വഴി നേരത്തെയുള്ള രോഗനിർണയം, ചികിത്സ എന്നിവയാണ് അവ. എറണാകുളത്ത് നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ 92.9% (208) പേരും സൗജന്യമായി നൽകിയാൽ ഭാവിയിൽ സ്ക്രീനിംഗ് ടെസ്റ്റുകൾക്ക് വിധേയരാകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. എച്ച്പിവി ഡിഎൻഎ കണ്ടെത്തൽ പ്രാഥമിക സ്ക്രീനിംഗ് ടെസ്റ്റായി ഉപയോഗിക്കാനും 30 വയസ് മുതൽ സ്ത്രീകൾ 5 മുതൽ 10 വർഷത്തെ ഇടവേളകളിൽ സെർവിക്കൽ സ്ക്രീനിംഗ് നടത്താനും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. അസറ്റിക് ആസിഡ് ഉപയോഗിച്ചുള്ള വിഐഎ (വിഷ്വൽ ഇൻസ്പെക്ഷൻ) ഓരോ 3 വർഷത്തിലും നടത്താൻ ഇന്ത്യൻ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു.

“എച്ച്പിവി ഡിഎൻഎ പരിശോധന എല്ലാവർക്കും ലഭ്യമാകുന്നതും താങ്ങാനാവുന്നതുമാക്കാൻ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. സ്വയം പരിശോധന നടത്തുന്നതിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ സെർവിക്കൽ കാൻസ‌ർ രംഗത്ത് അടിമുടി മാറ്റമുണ്ടാക്കാൻ അതിന് കഴിയും. ” അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി പറയുന്നു.

പെൺകുട്ടികളുടെ എച്ച്പിവി വാക്സിനേഷൻ വർദ്ധിക്കുന്നതിലൂടെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള മിക്ക രാജ്യങ്ങളിലും സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് കണക്ക് കൂട്ടാം. കൂടുതൽ സ്‌ക്രീനിംഗ് സർവിക്കൽ കാൻസറിന്റെ വ്യാപനം കുറയ്ക്കുന്നത് വേഗത്തിലാക്കുകയും ഏറ്റവും കൂടുതൽ കേസുകളുള്ള രാജ്യങ്ങളിൽ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുകയും ചെയ്യും. 2030-ഓടെ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. അതിനായി 100000 ൽ 4ൽ താഴെ ആളുകൾക്ക് മാത്രം രോഗം ബാധിക്കുന്നതിലേക്ക് ചുരുങ്ങണം. സർവിക്കൽ കാൻസർ പൊതുവെ കുറവാണെന്നതിനാൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഈ ലക്ഷ്യത്തിൽ പെട്ടെന്ന് എത്തിച്ചേരാനാകും.

Eng­lish Sum­ma­ry: The sur­vival rate for cer­vi­cal can­cer in India is only 51.7 percent

You may also like this video

Exit mobile version