അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന് തുടക്കമായി. എം സി ജോസഫൈന്‍ നഗറില്‍ (ടാഗോര്‍ തിയറ്റര്‍) നടന്ന സമ്മേളനം പ്രശസ്ത നര്‍ത്തകിയും മനുഷ്യാവകാശ പ്രവര്‍ത്തകയും കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സലറുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയര്‍ത്തി. സമ്മേളനത്തിനായി 12 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ദീപശിഖകള്‍ ജ്വലിപ്പിച്ചു. ഉദ്ഘാടന സെഷനില്‍ മാലിനി ഭട്ടാചാര്യ അധ്യക്ഷയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി സ്വാഗതം പറഞ്ഞു. ബൃന്ദ കാരാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷന്‍ ഓഫ് ക്യൂബന്‍ വിമന്‍ (എഫ്എംസി)യെ പ്രതിനിധീകരിച്ച് അലീഡ ഗുവേര, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവര്‍ സംസാരിച്ചു.
23 സംസ്ഥാനങ്ങളില്‍ നിന്നായെത്തിയ 850 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ചെറുത്തുനില്‍പ്പിന്റെ ആറ് പ്രതീകങ്ങളെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു. ഒഡിഷയില്‍ നിന്നുള്ള സഞ്ജുക്ത സേഥി, തമിഴ്നാട് സ്വദേശി രേവതി, ഫുലോര മൊണ്ടല്‍, ഹരിയാനയില്‍ നിന്നുള്ള കമലേഷ്, ഹരിയാനയില്‍ നിന്നുള്ള ഷീല, നര്‍ത്തകി വി പി മന്‍സിയ എന്നിവരെയാണ് ആദരിച്ചത്.
മാലിനി ഭട്ടാചാര്യ, സൂസന്‍ കോടി, ജഹനാര ഖാന്‍, രമണി ദേബ് ബര്‍മ, മധു ഗാര്‍ഗ്, ഫല്‍മ ചൗഹാന്‍ എന്നിവരടങ്ങിയ പ്രസീഡിയവും സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.
‘മനുസ്മൃതി മനോഭാവം’ ചെറുക്കണം: മല്ലിക സാരാഭായി
തിരുവനന്തപുരം: ക്ഷേത്രങ്ങളിലോ പള്ളികളിലോ അല്ലാതെ ഒരു ജനാധിപത്യ ഇടത്തില്‍ ഇത്രയധികം സ്ത്രീകളെ ഒരുമിച്ചു കണ്ടതില്‍ സന്തോഷമുണ്ടെന്ന് മല്ലിക സാരാഭായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മല്ലിക. മനുസ്മൃതി ഇന്നും ലക്ഷക്കണക്കിന് ഇന്ത്യന്‍ സ്ത്രീകളുടെ മനസുകളില്‍ ജീവിക്കുന്നുണ്ട്. സ്ത്രീകളുടെ മനസ്ഥിതി മാറ്റുന്നത് വലിയ വെല്ലുവിളി ആണെന്നും മല്ലിക പറഞ്ഞു.
മറ്റുള്ളവരെ തുല്യരായി കാണുകയും മതനിരപേക്ഷതയും തുല്യതയും പരിപോഷിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഈ ലോകം സൃഷ്ടിക്കാനുള്ള ചാലകശേഷി നമുക്ക് കൈവരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
English Summary: The Thirteenth National Conference of the Democratic Women’s Association has begun
You may also like this video