Site iconSite icon Janayugom Online

ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒരടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാൻ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പത്ത് സ്പിൽ വേ ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ഉയരുന്നു നിൽക്കുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് വീണ്ടും ഉയരും. ആലുവ, പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇടുക്കി മൂന്നാർ കുണ്ടള പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ, ആളപായമില്ല. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുൾപൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂന്നാർ വട്ടവട റോഡ് തകർന്നു. ഗതാഗതം തടസപ്പെതിനാൽ വട്ടവട ഒറ്റപ്പെട്ടു.

ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ മടവീണു. രണ്ടാം കൃഷി ഇറക്കിയ 350 ഏക്കർ പടശേഖരത്തിലാണ് മട വീണത്. 170 കർഷകർ ഉള്ള പടശേഖരമാണിത്. 50 ദിവസം പ്രായമായ നെല്ലാണ് ഇന്നലെ രാത്രി മട വീണതോടെ മുങ്ങിയത്.

കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മടയിൽ ചില വിള്ളലുകൾ ഉണ്ടായിരുന്നു. തുടർന്ന് മട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ ഇന്നലെ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാവുകയും മട പൂർണമായും തകർന്ന് വീഴുകയായിരുന്നു.

കനത്ത മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ഇന്ന് അവധിയായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.

Eng­lish summary;The water lev­el ris­es; Red alert on Iduk­ki dam

You may also like this video;

Exit mobile version