Site iconSite icon Janayugom Online

കേരളത്തിനെതിരെ നുണകള്‍ വരുന്ന വഴി; കേന്ദ്ര സര്‍ക്കാരിന്റേതല്ല, അത് ബിജെപിയുടെ വാര്‍ത്താക്കുറിപ്പ്

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതെന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് ബിജെപിയുടെ വാര്‍ത്താക്കുറിപ്പ്. “ആശാവര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവ്” എന്ന പേരിലാണ് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ചാനലുകളും ഇന്നലെ ചില പത്രങ്ങളും വാര്‍ത്ത നല്‍കിയത്. ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ കേന്ദ്രം നല്‍കിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം മറയ്ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നുവെന്നുമായിരുന്നു വാര്‍ത്ത. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പെന്ന പേരില്‍ പ്രസിദ്ധീകരിച്ചത് രണ്ടാഴ്ച മുമ്പ് നടന്ന, ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിയുടെ പത്രസമ്മേളനത്തിന്റെ കുറിപ്പാണ്. 

മാതൃഭൂമി ന്യൂസ് ആണ് ചൊവ്വാഴ്ച വൈകിട്ട് ആദ്യം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് മറ്റ് ചാനലുകളും ഏറ്റുപിടിച്ചു. വസ്തുതാവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടും, ഇന്നലെ മലയാള മനോരമയും മാതൃഭൂമിയും ഈ വാര്‍ത്ത തന്നെ നല്‍കുകയും ചെയ്തു. 

കേരള സര്‍ക്കാര്‍ എന്ന് ഉപയോഗിക്കുന്നതിന് പകരം ‘സിപിഐ(എം) നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍’ എന്നും ‘പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍’ എന്നുമൊക്കെയായിരുന്നു വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരിനെ മോഡി സര്‍ക്കാര്‍ എന്നും വിശേഷിപ്പിച്ചു. സര്‍ക്കാരുകളുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകില്ലെന്ന് വ്യക്തമായിരുന്നിട്ടും മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു.

ബിജെപി ദേശീയ ഭാരവാഹിയും വക്താവുമായ അനില്‍ ആന്റണി കഴിഞ്ഞ മാസം 22ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ കുറിപ്പാണ് വലിയ മാറ്റങ്ങളൊന്നും വരുത്താതെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതെന്ന പേരില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ‘ഔദ്യോഗിക’മാക്കിയത്. വാര്‍ത്താസമ്മേളനത്തിലെ പ്രധാന പോയിന്റുകള്‍ എന്ന തലക്കെട്ടോടെ, അത് ബിജെപിയുടെ വെബ്സൈറ്റില്‍ കാണാം. ബജറ്റില്‍ പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ കേരളത്തിന് നല്‍കിയെന്നും മറ്റുമുള്ള അവകാശവാദങ്ങളും കണക്കുകളുമെല്ലാം ഉള്‍പ്പെടെയുള്ള അനിലിന്റെ വാര്‍ത്താസമ്മേളനം മാതൃഭൂമി ന്യൂസ് ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
“കേരളത്തിനെതിരെ നുണകള്‍ വരുന്ന വഴി” എന്നാണ് വ്യാജവാര്‍ത്തകള്‍ക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്. “ഊരും പേരുമില്ലാത്ത ഒരു കുറിപ്പ്… കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നും ഉത്ഭവിച്ച കുറിപ്പ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തു” എന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. 

Exit mobile version