Site iconSite icon Janayugom Online

യുവതിയെ നടുറോഡിൽ കുത്തിവീഴ്‌ത്തി; മുൻ ഭർത്താവ് പിടിയിൽ

പുതുക്കാട് സെന്ററിലെ നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തിയ മുൻ ഭർത്താവ് പിടിയിൽ. ബബിത എന്ന യുവതിക്കാണ് കുത്തേറ്റത്. മുൻ ഭർത്താവ് കേച്ചേരി സ്വദേശിയായ ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ഏകദേശം രാവിലെ ഒൻപതുമണിയോടെയാണ് സംഭവം നടന്നത്. പുതുക്കാട്ടെ ഒരു ബാങ്കിൽ ശുചീകരണ തൊഴിലാളിയാണു ബബിത. രാവിലെ ജോലിക്കായി പോകവേയാണ് ലെസ്റ്റിൻ ബബിതയെ ആക്രമിച്ചത്.

ഒൻപതുതവണയാണ് യുവതിക്ക് പ്രതിയിൽ നിന്നും കുത്തേറ്റത്. ഉടനെ തന്നെ ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്ന് യുവതിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബബിതയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും വിവാഹമോചനം നേടിയത് മൂന്നുവർഷം മുമ്പാണ്. എന്നാൽ ലെസ്റ്റിനുമായി ഇപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. യുവതിയെ കുത്തിയതിന് പിന്നാലെ ലെസ്റ്റിൻ പുതുക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങി.

Exit mobile version