വാട്ട്സ് ആപ്പ് വഴി കോണ്‍ഗ്രസ് നേതാവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി.മുംബൈ പൊലീസ് എന്ന പേരിലാണ് തിരുവഞ്ചൂരിനെ ഭീഷണിപ്പെടുത്തിയത്. മുംബൈയിൽ രജിസ്റ്റർചെയ്തൊരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നതെന്നുമായിരുന്നു വിളിച്ചവർ പറഞ്ഞത്.
ഹിന്ദിയും ഇംഗ്ലീഷും കലർന്ന സംസാരമായിരുന്നതിനാൽ അവർ വിളിച്ചപ്പോൾത്തന്നെ തട്ടിപ്പാണെന്ന് വ്യക്തമായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിളിച്ചവരിലൊരാൾ പോലീസുദ്യോഗസ്ഥന്റെ വേഷത്തിൽ നിൽക്കുന്നത് തിരുവഞ്ചൂരിന്റെ സ്റ്റാഫംഗങ്ങൾ കണ്ടിരുന്നു. ഭീഷണിയെത്തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. വിളിച്ച നമ്പർ കേന്ദ്രീകരിച്ചും സ്ഥലം കേന്ദ്രീകരിച്ചും അന്വേഷണമാരംഭിച്ചതായി ഡിജിപിഓഫീസ് അറിയിച്ചു. സൈബർ സെൽ ആണ് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

