നാളെയാണ് സെപ്റ്റംബർ 20. സംസ്ഥാന സര്‍ക്കാരിന്റെ ഈവർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നാളെ നറുക്കെടുക്കും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവോണം ബമ്പർ നിങ്ങൾക്കടിച്ചാൽ ഒന്നാംസമ്മാനമായ 25 കോടി കൈപ്പറ്റാൻ എതൊക്കെ ചെയ്യണം എന്നത് പലരും തിരക്കാറുണ്ട്. ഏതെല്ലാം രേഖകൾ ഹാജരാക്കണം എന്ന കാര്യത്തിലും സംശയം പ്രകടിപ്പിക്കുന്നവരും ഏറയാണ്. ലോട്ടറി വകുപ്പ് നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം പണം ലഭ്യമാകാന്‍ ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെയാണ്.
ആദ്യം ലോട്ടറിയുടെ പിന്നിൽ നിർദ്ദിഷ്ട സ്ഥലത്ത് ആധാർകാർഡിൽ ഉള്ളതുപോലെ പേരും മേൽവിലാസവും എഴുതി ഒപ്പിടണം. അതിനുശേഷം ലോട്ടറിയുടെ ഇരുപുറവും ഫോട്ടോകോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. ഈ കോപ്പികൾക്കൊപ്പം യഥാർത്ഥ ടിക്കറ്റും ബാങ്ക് അക്കൗണ്ട് രേഖകൾ, ആധാർ, പാൻകാർഡ് എന്നിവയും സഹിതം ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ഏല്‍പ്പിക്കണം.
ആധാറിന്റെയും പാൻകാർഡിന്റെയും ഇരുപുറവും ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വേണം സമർപ്പിക്കാൻ. ലോട്ടറി ഓഫീസിൽ നിന്നോ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ കിട്ടുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകൾ ഒട്ടിക്കണം. ഫോട്ടോയിൽ ഗസറ്റഡ് ഓഫീസറുടെ ഒപ്പും പേരും സീലും വേണം. ജൻധൻ, സീറോ ബാലൻസ് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക നല്‍കില്ല.
ബാങ്ക് വഴിയാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ സമ്മാനാർഹൻ ബാങ്കിനെ അധികാരപ്പെടുത്തുന്നതടക്കം ആ ബാങ്കിൽ നിന്നുള്ള കൂടുതൽ രേഖകളും ആവശ്യമാണ്. ഇതരസംസ്ഥാനക്കാരനാണ് ലോട്ടറിയടിക്കുന്നതെങ്കിൽ എല്ലാരേഖകളും നോട്ടറി ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ടി വരും.
ഒന്നാം സമ്മാനമടിച്ചാൽ പ്രത്യേകം ശ്രദ്ധിക്കണ്ട കാര്യമാണ് സമ്മാനർഹമായ ടിക്കറ്റ് സമയബന്ധിതമായി കൈമാറണമെന്നത്. 30 ദിവസത്തിനകം ടിക്കറ്റ് കൈമാറണമെന്നാണ് നിയമം. അതിൽ ചില ഇളവുകളുമുണ്ട്. ചിലപ്പോൾ 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് സമർപ്പിക്കാൻ സാധിക്കണമെന്നില്ല. ആ സാഹചര്യത്തിൽ ഒരു 30 ദിവസം കൂടി ഇളവ് നൽകാൻ ജില്ലാ ലോട്ടറി ഓഫീസർക്ക് അധികാരമുണ്ട്. വൈകിയതിന് പറയുന്ന കാരണം ന്യായമാണെന്ന് ജില്ലാ ലോട്ടറി ഓഫീസർക്ക് ബാധ്യപ്പെട്ടാലേ പണം കിട്ടൂ. രേഖകൾ സംഘടിപ്പിക്കാനുള്ള കാലതാമസമാണ് കാരണമെങ്കിൽ അതിന് കൃത്യമായ തെളിവ് രേഖാമൂലം വിശദീകരിക്കണം. ലോട്ടറി അടിച്ചത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെങ്കിൽ അവർ നോട്ടറിയുടെ അറ്റസ്റ്റേഷനും കൂടി ഹാജരാക്കണം.
ഇത്തവണ ആകെ അച്ചടിച്ച 85 ലക്ഷം തിരുവോണം ബമ്പര്‍ ടിക്കറ്റുകളില്‍ 71.5 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റു കഴിഞ്ഞതായാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വർഷം 67 ലക്ഷത്തോളം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. 500 രൂപയാണ് ടിക്കറ്റൊന്നിന് വില.
English Sammury: thiruvonam bumper lottery 2023 results will be announced on Wednesday