Site icon Janayugom Online

ബിജെപി ജയിച്ചതുതന്നെ എങ്കിലും യുപി ഒരു ദിശാസൂചകമാണ്

അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ടെങ്കിലും ഡല്‍ഹി ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഉത്തര്‍പ്രദേശാണെന്ന ചൊല്ലുള്ളതിനാല്‍ എല്ലാവരും ഉറ്റുനോക്കിയത് ആ സംസ്ഥാനത്തെ വിധിയെഴുത്തായിരുന്നു. അഞ്ചില്‍ നാലിടത്തും ഭരണം നിലനിര്‍ത്തിയത് ബിജെപിയാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിടത്ത് ആം ആദ്മി പാര്‍ട്ടിയാണ് ജയിച്ചത്. ഗുജറാത്തിനുശേഷം സംഘപരിവാറിന്റെ വംശഹത്യാ പരീക്ഷണശാലയായ യുപി എങ്ങനെ വിധിയെഴുതുമെന്നത് കൗതുകം നിറഞ്ഞ ആകാംക്ഷയായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം നടക്കുവാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‍സലെന്നുകൂടി വിലയിരുത്തപ്പെട്ടതുകൊണ്ടും യുപി ഫലത്തിന് പ്രാധാന്യമേറി. ആദിത്യനാഥിന്റെ അഞ്ചുവര്‍ഷ ഭരണത്തിനെതിരായ വിധിയെഴുത്തും കര്‍ഷക പ്രക്ഷോഭമുള്‍പ്പെടെ സൃഷ്ടിച്ച ജനമുന്നേറ്റങ്ങളുമെല്ലാം പ്രതിഫലിക്കുമെന്ന് ചിലരെങ്കിലും വിശ്വസിച്ചുവെങ്കിലും ഫലപ്രഖ്യാപനം വന്നപ്പോള്‍ ആദിത്യനാഥ് സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്കാണ് വഴിയൊരുങ്ങിയത്. ഇതോടെ അഞ്ചുവര്‍ഷത്തിനുശേഷവും ഭരണാവസരം ലഭിക്കുന്ന യുപിയിലെ ആദ്യ ബിജെപി സര്‍ക്കാരായി ആദിത്യനാഥ് സര്‍ക്കാര്‍ മാറുകയാണ്. മോഡി പക്ഷപാതികളായ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തുന്നതുപോലെ ബിജെപിക്ക് ഭാവി സാധ്യതകളെ എളുപ്പമാക്കുന്നതാണ് വിധിയെഴുത്തെന്ന് കരുതാമോ. ഇല്ലെന്നാണ് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുക. ഭരണത്തുടര്‍ച്ചയുണ്ടായെങ്കിലും അഞ്ചുവര്‍ഷഭരണം വളരെ മെച്ചമായിരുന്നു എന്ന അംഗീകാര പത്രമായിരുന്നില്ല ആദിത്യനാഥിന് ലഭിച്ചിരിക്കുന്നത്. ലഭിച്ച വോട്ടുവിഹിതത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ 2017ലേതിനെ അപേക്ഷിച്ച് ബിജെപിക്ക് 57 സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. ബിജെപിക്കൊപ്പം മത്സരിച്ച അപ്നാദളിന് മൂന്നും നിഷാദ് പാര്‍ട്ടിക്ക് അഞ്ചും സീറ്റുകള്‍ കൂടുകയും ചെയ്തു. അതേസമയം വോട്ടുവിഹിതത്തില്‍ മൂന്നു കക്ഷികള്‍ക്കും കൂടി 2.55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. എങ്കിലും ജനാധിപത്യത്തിന്റെ നടപ്പുരീതിയനുസരിച്ച് ബിജെപി ജയിച്ചുവെന്നത് അംഗീകരിച്ചേ മതിയാകൂ. പക്ഷേ യുപി തെര‍ഞ്ഞെടുപ്പ് ഫലത്തെ കുറച്ചുകൂടി ആഴത്തില്‍ വിശകലനം ചെയ്താല്‍ 2024ലേക്കുള്ള ദിശാസൂചന അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. അതിനുപക്ഷേ ഇന്ത്യയിലെ രാജ്യസ്നേഹികളും ഭരണഘടനാ തത്വങ്ങളും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുവാന്‍ ഉത്തരവാദപ്പെട്ട പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയാറാകണം. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നയുടന്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് സന്നദ്ധമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപനം നടത്തിയ വാര്‍ത്ത വരികയുണ്ടായി. ഇപ്പോള്‍ അത്തരമൊരു നിലപാടു പറഞ്ഞതിന്റെ സാംഗത്യമെന്തായിരുന്നു എന്നത് രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ കൗതുകമാവുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പ് നല്കുന്ന ദിശാസൂചനകള്‍ക്കനുസൃതമായി രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ടാല്‍ 2024 ബിജെപിക്ക് അത്ര എളുപ്പമായിരിക്കില്ലെന്ന ബോധ്യത്തില്‍ നിന്നാവണം കുറച്ചുകാലമായി നിഷ്പക്ഷമല്ലെന്ന് സംശയിക്കാവുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്മിഷനില്‍ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായത്. യുപിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യമാകും. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ ബിജെപിക്ക് സീറ്റുകളുടെ എണ്ണം കുറഞ്ഞുവെന്നതുമാത്രമല്ല. ജയിച്ചിടത്തും അത് പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയില്‍ നിന്നു നേടാനായവയായിരുന്നു. സമാജ്‌വാദി പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാട് ആദ്യം മുതല്‍ സ്വീകരിച്ചവരായിരുന്നു. എന്നാല്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിന്റെ ഗുണഭോക്താക്കളായത് ബിജെപിയായിരുന്നു. അതിന്റെ ഫലമായി 150 ലധികം മണ്ഡലങ്ങളിലാണ് ബിജെപി വിജയമുറപ്പിച്ചത്. കോണ്‍ഗ്രസിന്റെ തന്‍പ്രമാണിത്തം കാരണം അവരുടെ നില തീര്‍ത്തും ദയനീയമായെന്നു മാത്രമല്ല അഞ്ചിടങ്ങളിലെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനും കാരണമായി. ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ അന്ത്യ പ്രവാചകന്‍ എന്ന രീതിയില്‍ അവതരിച്ചിരിക്കുന്ന അസസുദീന്‍ ഒവൈസിയുടെ എഐഎംഐഎം എന്ന പാര്‍ട്ടിയും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി വിജയത്തിന്റെ സഹായികളായി.


ഇതുകൂടി വായിക്കാം; നന്നാവില്ലെന്നുറച്ച് കോണ്‍ഗ്രസ്


പത്തിടങ്ങളിലെങ്കിലും അവരുടെ നിലപാട് ബിജെപി വിജയത്തിനു കാരണമായിട്ടുണ്ട്. ബിജെപിയെ തോല്പിക്കുകയെന്ന അജണ്ടയില്‍ ഊന്നി യോജിച്ച വേദി കെട്ടിപ്പടുക്കുകയെന്ന രാഷ്ട്രീയ ചുമതല ഏറ്റെടുക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ക്കുണ്ടായ പോരായ്മയാണ് യുപിയിലെ ബിജെപി വിജയത്തിന് കാരണമായതെന്നതിന് അവര്‍ ജയിച്ച 200 ഓളം മണ്ഡലങ്ങളുടെയും കണക്കുകള്‍ ഉദ്ധരിക്കുക പ്രയാസകരമാണ്. ബിജെപി ജയിച്ച 11 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്നു ഭൂരിപക്ഷം. 14 മണ്ഡലങ്ങളില്‍ ആയിരം മുതല്‍ 10,000 വരെയും 40ലധികം മണ്ഡലങ്ങളില്‍ അയ്യായിരം മുതല്‍ പതിനായിരം വരെയും 53 ഇടങ്ങളില്‍ പതിനായിരം മുതല്‍ 25,000 വരെയും 28 മണ്ഡലങ്ങളില്‍ 25000 — 50000 വോട്ടുകളുടെ വ്യത്യാസത്തിലുമാണ് ജയിക്കുന്നത്. ഇവിടങ്ങളില്‍ ബിഎസ്‌പിയും എസ്‌പിയും പിടിച്ച വോട്ടുകള്‍ കൂട്ടിയാല്‍ ബിജെപി നേടിയ ഭൂരിപക്ഷത്തെക്കാള്‍ കൂടുതലാണെന്ന് കാണാവുന്നതാണ്. ബിഎസ്‌പി മത്സരിച്ച 403ല്‍ അഞ്ചില്‍ താഴെ മണ്ഡലങ്ങളില്‍ ഒഴികെ 10000ത്തിന് മുകളില്‍ 75000 വരെ വോട്ടുകള്‍ വരെ അവര്‍ നേടിയിട്ടുണ്ട്. ഉദാഹരണത്തിന് അക്ബര്‍പുരില്‍ 13,417 വോട്ടിനാണ് എസ്‌പി സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രതിനിധി പരാജയപ്പെടുത്തുന്നത്. ഇവിടെ ബിഎസ്‌പി 32,233 വോട്ടുകള്‍ നേടി. ബിജെപി ഭൂരിപക്ഷത്തിന്റെ രണ്ടിരട്ടിയിലധികം. കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ വാഹനം ഓടിച്ചു കയറ്റി കൊന്നതിന്റെ പേരില്‍ കുപ്രസിദ്ധമായ ലഖിംപുരില്‍ 20578 വോട്ടിനാണ് ബിജെപി ജയിക്കുന്നത്. ഇവിടെ ബിഎസ്‌പി നേടിയത് 24,014 വോട്ടുകളാണ്. കോണ്‍ഗ്രസ് 2834 വോട്ടുകളും നേടിയിട്ടുണ്ട്. 32,955 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി എസ്‌പിയുടെ പ്രതിനിധിയെ പരാജയപ്പെടുത്തിയ ഫിറോസാബാദില്‍ ബിഎസ്‌പി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത് ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് — 37,643. ഇവിടെ കോണ്‍ഗ്രസ് 1154, എഐഎംഐഎം 18,898 വോട്ടുകളും നേടിയിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി 33,587 വോട്ടുകള്‍ക്കു ജയിച്ച മജ്ഹാവനില്‍ ബിഎസ്‌പിയുടെ വോട്ട് 52,990 ആണ്. ബിഎസ്‌പി രണ്ടാം സ്ഥാനത്തായ മധൗഗഡില്‍ 34,974 ആണ് ബിജെപിയുടെ ഭൂരിപക്ഷം. ഇവിടെ എസ്‌പി സ്ഥാനാര്‍ത്ഥി നേടിയത് 63,035 വോട്ടുകളാണ്. ഈ വിധത്തില്‍ ബിജെപി ജയിച്ച 200ഓളം മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ 160ഓളം അവരുടെ ജയം കടപ്പെട്ടിരിക്കുന്നത് ബിഎസ്‌പിയോടാണെന്ന് കാണാം. ചില മണ്ഡലങ്ങളില്‍ എഐഎംഐഎം സ്വന്തമായി പിടിച്ച വോട്ടുകളും ബിജെപി വിജയത്തെ തുണച്ചു. ബിജ്നോറില്‍ എസ്‌പിയുടെ സഖ്യകക്ഷിയായ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി 1445 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയോട് തോല്‍ക്കുന്നത്. ഇവിടെ എഐഎംഐഎമ്മിന്റെ വോട്ട് 2290 ആണ്. ഇതിന് പുറമേ ബിഎസ്‌പി 52035 വോട്ടുകളും നേടി. നാകൂര്‍, കുര്‍സി, സുല്‍ത്താന്‍പുര്‍, ഷാജങ്, ഫിറോസാബാദ് എന്നിങ്ങനെ പത്തിലധികം മണ്ഡലങ്ങളില്‍ ഈയൊരു പ്രവണത കാണാവുന്നതാണ്. ഫാസിസ്റ്റ് വിരുദ്ധ നിലപാടും ബിജെപിക്കെതിരെയുള്ള പ്രസംഗങ്ങളുമാണ് ആവര്‍ത്തിക്കാറുള്ളതെങ്കിലും തെരഞ്ഞെടുപ്പ് വേളകളില്‍ ഒവൈസിയുടെ പാര്‍ട്ടി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതായി കാണുന്നത്.


ഇതുകൂടി വായിക്കാം; പഠിക്കാന്‍ സമിതികള്‍ അനവധി; പരാജയ പരമ്പരകളും അനവധി


ബിഎസ്‌പി മിക്കവാറും മണ്ഡലങ്ങളില്‍ മൂന്നാമതാണെങ്കിലും ചിലയിടങ്ങളില്‍ അവര്‍ രണ്ടാമതെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ ഭിന്നിപ്പ് ബിജെപിയെ നല്ല നിലയില്‍ സഹായിച്ചതാണ് ‍വിജയത്തിന്റെ ഘടകമായെന്നര്‍ത്ഥം. മായാവതിയെ പോലുള്ള പിന്തിരിപ്പന്മാരും നിക്ഷിപ്ത താല്പര്യക്കാരും ഒവൈസിയെ പോലുള്ള കപടവേഷധാരികളും ബിജെപിയെ സഹായിച്ചു എന്നതാണ് യുപി നേട്ടത്തിന് പിന്നിലെന്നും വ്യക്തം. ഇതിന് പുറമേ കര്‍ഷക പ്രക്ഷോഭത്തിന്റെ നേട്ടം യുപിയിലാകെ ഉണ്ടായില്ലെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ പ്രതിഫലനങ്ങളുണ്ടാക്കിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. ശക്തമായ കര്‍ഷക പ്രക്ഷോഭം നടക്കുകയും ഡല്‍ഹി പ്രക്ഷോഭത്തെ സഹായിക്കുകയും ചെയ്ത പടിഞ്ഞാറന്‍ ജില്ലകളായ മുസഫര്‍ നഗര്‍, ഷാംലി, ബാഗ്പത്, മീററ്റ് എന്നിവിടങ്ങളില്‍ 19 മണ്ഡലങ്ങളില്‍ ആറിടത്തു മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ജയിച്ചതില്‍ ബറൗട്ടില്‍ 200 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ബിജെപിക്ക് നേടാനായത്. മുസഫര്‍ നഗര്‍ ജില്ലയിലെ ആറില്‍ അഞ്ചിലും ബിജെപി തോറ്റു, ഷാംലിയില്‍ മൂന്നില്‍ ഒരു സീറ്റ് പോലും നേടാനായില്ല. മീററ്റില്‍ ഏഴില്‍ മൂന്നിടങ്ങളിലാണ് ബിജെപി ജയിച്ചത്. ആദിത്യനാഥ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ പതിനൊന്ന് മന്ത്രിമാരാണ് തോല്‍വി ഏറ്റുവാങ്ങിയത്. വന്‍ ഭരണനേട്ടങ്ങളുടെ പ്രതിഫലനമാണ് ബിജെപി വിജയമെങ്കില്‍ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയാണുണ്ടാകേണ്ടത്. അതുണ്ടായില്ലെന്നു മാത്രമല്ല പ്രതിപക്ഷ കക്ഷികള്‍ ഭിന്നിച്ചുനിന്നത് ബിജെപി വിജയം എളുപ്പമാക്കി. ബിജെപിയുടെ ഭിന്നിപ്പിക്കല്‍ തന്ത്രത്തില്‍ വീണുപോയതാണെന്നും പറയപ്പെടുന്നു. ഭരണനേട്ടങ്ങള്‍ പറഞ്ഞ് വിജയിക്കുകയെന്നത് വിലപ്പോവില്ലെന്നു വന്നപ്പോള്‍ ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഉള്‍പ്പെടെ കാര്‍മ്മികത്വം വഹിക്കുന്നത് നാം കണ്ടതാണ്. അതിന്റെ പ്രതിഫലനം ചെറിയതോതില്‍ ഉണ്ടായാല്‍ പോലും ബിജെപിയുടെ വിജയം ഇത്രയും മതിയാകില്ലായിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഫലം ഭാവിയിലേക്കുള്ള ദിശാസൂചകമാണ്. വര്‍ഗീയ ഫാസിസ്റ്റ് വലതു തീവ്ര നിലപാടുകളും ജനവിരുദ്ധ നയങ്ങളും മുഖമുദ്രയും വാചാടോപവും കുപ്രചരണ തന്ത്രങ്ങളും ശരീരഭാഷയുമായി നിലനില്ക്കുന്ന ബിജെപിയെ തോല്പിക്കുക അസാധ്യമാണെന്നല്ല യുപി പറഞ്ഞുവയ്ക്കുന്നത്. അതിന് മതേതര — ജനാധിപത്യ — ഭരണഘടനാ സ്നേഹികളും അടിസ്ഥാന ജനവിഭാഗങ്ങളും കൈകോര്‍ത്തുനില്ക്കണമെന്ന ആഹ്വാനം ആവര്‍ത്തിക്കുകയാണ് വിധി നല്കുന്നത്. ആരൊക്കെ അതിന് മുന്‍കയ്യെടുക്കുമെന്നും പങ്കുചേരുമെന്നും എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി ഭാരതം നിര്‍ണയിക്കപ്പെടുക. ആരൊക്കെ ബിജെപിയുടെ പ്രലോഭനത്തില്‍ വീണോ നിക്ഷിപ്ത താല്പര്യങ്ങളുടെ പുറത്തോ അതില്‍ നിന്ന് മാറിനില്ക്കുന്നുവോ അവര്‍ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും സ്വാതന്ത്ര്യവും മതേതരത്വവും തകര്‍ക്കുന്നതിന് കൂട്ടുനില്ക്കുന്ന ഒറ്റുകാര്‍ എന്നറിയപ്പെടുകയും ചെയ്യും.

Exit mobile version