14 May 2024, Tuesday

പഠിക്കാന്‍ സമിതികള്‍ അനവധി; പരാജയ പരമ്പരകളും അനവധി

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
March 18, 2022 7:00 am

“എല്ലാവരും പോയി, ഞാനും പാമ്പും മാത്രം ബാക്കിയായി. പാമ്പ് അപ്പോഴും തന്റെ കഴുത്ത് കോലായ്ക്ക് പുറത്തിട്ട് തളര്‍ന്നുകിടപ്പാണ്. വിഷവൈദ്യന്‍ പാമ്പിനെ നോക്കി ചിരിച്ചു. തളര്‍ന്നവശനായ പാമ്പ് കഴുത്തുയര്‍ത്തി മറുചിരി ചിരിച്ചു”. പുനത്തില്‍ കുഞ്ഞബ്ദുള്ള ‘വേഷം’ എന്ന കഥയില്‍ ഇങ്ങനെ കുറിച്ചു. കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല അവസ്ഥ ഈ വിധമാണ്. കോലായ്ക്ക് പുറത്ത് കഴുത്ത് പുറത്തിട്ട് തളര്‍ന്നു കിടക്കുകയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി. വിഷവൈദ്യന്‍മാരായ ഗ്രൂപ്പ് 23 കാര്‍ പാമ്പിനെ നോക്കി ചിരിക്കുമ്പോള്‍ തളര്‍ന്നവശരായ രാഹുല്‍ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന് ചരമഗീതമെഴുതുന്നവര്‍ മറുചിരി സമ്മാനിച്ച് പുച്ഛിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിദയനീയമായാണ് കോണ്‍ഗ്രസിനെ പരാജയപതനത്തിലേക്ക് ജനങ്ങള്‍ വലിച്ചെറിഞ്ഞത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ നയിച്ച പ്രിയങ്കാഗാന്ധി, സച്ചിന്‍ പൈലറ്റല്ലാതെ ഒരു കോണ്‍ഗ്രസ് നേതാവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നില്ലെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ വികാരനിര്‍ഭരയായി തുറന്നടിച്ചുവെന്നാണ് മാധ്യമവാര്‍ത്തകള്‍. രാഹുല്‍ഗാന്ധി മത്സരിച്ച അമേഠി പാര്‍ലമെന്റ് മണ്ഡലത്തില്‍ അദ്ദേഹം പരാജയപ്പെട്ടതിനു പിന്നാലെ, ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ റായ്ബറേലിയില്‍ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും കോണ്‍ഗ്രസ് അതിദയനീയ പരാജയം നേരിട്ടു. ഒരുകാലത്ത് യുപിയില്‍ വന്‍ശക്തിയായിരുന്ന, ജവഹര്‍ലാല്‍ നെഹ്രുവും ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും വിജയരഥമേറിയ കോണ്‍ഗ്രസിന് അവിടെ രണ്ടര ശതമാനത്തില്‍ താഴെയാണ് വോട്ടുവിഹിതം. എത്രമേല്‍ കനത്ത പ്രഹരം. പഞ്ചാബിലും വിന സ്വയമേവ വരുത്തിവച്ചു. നവജ്യോത് സിങ് സിദ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ഓപ്പണര്‍ റോളില്‍ നിന്ന് ബിജെപിയിലേക്കും തുടര്‍ന്ന് കോണ്‍ഗ്രസിലേക്കും ചേക്കേറിയ വ്യക്തിയാണ്. പക്ഷേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ബൗള്‍ഡാക്കി കുടിയേറ്റക്കാരനായ സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തെ തന്റെ കാല്‍ക്കീഴിലെത്തിച്ചു. ഭരണ തുടര്‍ച്ചയുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ്, ക്യാപ്റ്റന്‍ എന്ന് അവര്‍ ഉദ്ഘോഷിച്ചിരുന്ന അമരീന്ദര്‍ സിങ്ങിനെ സിദ്ദുവിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കി ചന്നിയെ മുഖ്യമന്ത്രിയാക്കി. അമരീന്ദര്‍ സിങ് ബിജെപി മുന്നണിയിലെത്തുകയും രണ്ടു സീറ്റുകളില്‍ മത്സരിച്ച ചന്നി രണ്ടിടത്തും പരാജയത്തിന്റെ വിലാപഗീതമെഴുതുകയും ചെയ്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ, തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് അഖിലേന്ത്യാ അധ്യക്ഷപദം രാജിവച്ച രാഹുല്‍ഗാന്ധി തന്നെയാണ് ഇന്നും തിരശീലയ്ക്കു പിന്നിലെ അധ്യക്ഷന്‍.


ഇതുകൂടി വായിക്കാം; റൊമേനിയ പിടിച്ചടക്കി ഗ്വാളിയര്‍ മഹാരാജാവ്!


അമരീന്ദര്‍ സിങ്ങിനെ ബിജെപി മുന്നണി പാളയത്തിലെത്തിക്കുന്നതിലും രാഹുല്‍ഗാന്ധിയുടെ നിലപാട് വഴിവച്ചു. രാഷ്ട്രീയ അപക്വതയുടെ പ്രതീകമാണ് രാഹുല്‍ ഗാന്ധിയെന്ന് ജി-23ല്‍ അംഗങ്ങളായ മുതിര്‍ന്ന നേതാക്കള്‍ പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ, ശശിതരൂര്‍, മുകുള്‍ വാസ്‌നിക് എന്നിവരെല്ലാം രാഹുല്‍ഗാന്ധിക്കെതിരെ കലഹശബ്ദമുയര്‍ത്തുന്നു. ‘വെല്ലുവിളി ഏറ്റെടുക്കണം’ എന്ന ശശിതരൂരിന്റെ ലേഖനം കോണ്‍ഗ്രസ് പരാജയ പരമ്പരകളില്‍ പ്രകോപിതനായുള്ളതാണ്. ഗാന്ധികുടുംബത്തിന്റെ കുടുംബ സ്വത്തല്ല കോണ്‍ഗ്രസ് എന്ന് കപില്‍ സിബല്‍ പ്രസ്താവിച്ചതും കോണ്‍ഗ്രസിലെ കലഹരാഷ്ട്രീയത്തിന്റെ തിരശീല ഉയര്‍ത്തുന്നു. ജി-23 നേതാക്കള്‍ രാജ്യതലസ്ഥാനത്ത് പ്രത്യേക യോഗം ചേര്‍ന്നു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദികളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയെ മുഖ്യമന്ത്രിയായും സഹപ്രതിയായി കെ സി വേണുഗോപാലിനെയും അവര്‍ വിലയിരുത്തുന്നു. മണിപ്പുരിലും ഗോവയിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയിട്ടും ബിജെപിയിലേക്ക് കുടിയേറിയവരാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍. അന്ന് ആ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം സുരക്ഷിതമാക്കിയ കോണ്‍ഗ്രസ് ഇപ്പോഴും അവര്‍ക്ക് സഹായഹസ്തം തെരഞ്ഞെടുപ്പില്‍ നല്കി. ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിന്റെ പ്രതീകമായി കോണ്‍ഗ്രസ് മാറിയതാണ് ഇന്ത്യയുടെ മഹത്തായ ജനാധിപത്യ രാഷ്ട്രീയത്തെ കളങ്കിതമാക്കുന്നത്. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായിരുന്ന ഹിമന്ത ബിശ്വ (ബിജെപി) അസമിലും ബംഗാളില്‍ മമതാ ബാനര്‍ജി(തൃണമൂല്‍ കോണ്‍ഗ്രസ്)യും ജഗ്‌മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍ കോണ്‍ഗ്രസ്) ആന്ധ്രയിലും മുഖ്യമന്ത്രിമാരാണ്. കൊണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത കോണ്‍ഗ്രസ് വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ പ്രതിരോധത്തിലും പരാജയമാണ്. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമ്പോള്‍ പരിശോധിക്കുവാന്‍ കമ്മിഷനുകള്‍ രൂപീകരിക്കുക എന്നത് കോണ്‍ഗ്രസിന്റെ കോമഡി പരിപാടിയാണ്. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായപ്പോള്‍ എ കെ ആന്റണി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചു. ഇതുവരെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. കേരളത്തില്‍ പണ്ടേക്കുപണ്ടേ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കുവാന്‍ വക്കം പുരുഷോത്തമന്‍ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് ആക്രിക്കടയിലാണെന്നാണ് മാലോകരുടെ വര്‍ത്തമാനം. ‘പാപം ചെയ്ത മനുഷ്യന്‍ മരണത്തേക്കാള്‍ കഠിനമായ വേദന അനുഭവിക്കുന്നു’ എന്ന മഹാഭാരത വാക്യം മനസിലാക്കി കോണ്‍ഗ്രസ് തിരിച്ചറിവിന്റെ പാതയില്‍ വന്നാലേ വര്‍ഗീയ ഫാസിസത്തെ ചെറുത്തു തോല്പിക്കാനാവു. എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല എന്ന നിലപാടില്‍ കോണ്‍ഗ്രസ് തുടരുന്നത് സഹതാപകരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.