കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിന് മൂന്ന് സ്റ്റേഷനുകളിൽക്കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂര്‍, പട്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. നിലമ്പൂർ‑കോട്ടയം സർവീസിനും ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. നിലവിൽ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുകളുണ്ടായിരുന്നത്. പുതിയ സ്റ്റോപ്പുകൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.
കൂടാതെ, ഷൊര്‍ണൂരിൽനിന്ന് നിലമ്പൂരിലേക്ക് പുതിയതായി അനുവദിച്ച മെമു ട്രെയിൻ എറണാകുളത്തുനിന്നുള്ള സർവീസ് തന്നെ നീട്ടിയതായി ഉത്തരവിറങ്ങി. ഇതനുസരിച്ച് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 8.30ന് ഷൊര്‍ണൂരിലെത്തുന്ന ട്രെയിൻ തന്നെ നിലമ്പൂരിലേക്ക് യാത്ര തുടരും. രണ്ട് നമ്പറുകളായിരിക്കുമെങ്കിലും എറണാകുളത്തുനിന്നുള്ള യാത്രക്കാർക്ക് ട്രെയിൻ മാറാതെ നിലമ്പൂരിലേക്ക് എത്താം.

