ടൈംസ് ഹയർ എജ്യുക്കേഷന്റെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മഹാത്മാ ഗാന്ധി സർവകലാശാല രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി.
ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതിനു പിന്നാലെയാണ് ഈ നേട്ടം. പ്രവർത്തനമാരംഭിച്ച് അൻപതു വർഷം വരെയായ സർവകലാശാലകളെയാണ് റാങ്കിങ്ങിനായി പരിഗണിച്ചത്. ആഗോള തലത്തിൽ 673 സർവകലാശാലകളുടെ പട്ടികയിൽ 81-ാം സ്ഥാനത്താണ് മഹാത്മാ ഗാന്ധി സർവകലാശാല. അധ്യാപന, ഗവേഷണ മേഖലകളിലെ മികവ് ഉൾപ്പെടെ 13 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിർണയിച്ചത്.
തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാല, ഭാരതീയാർ സർവകലാശാല, പട്നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് രാജ്യത്ത് രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങളിൽ. യഥാക്രമം 96,113,117 എന്നിങ്ങനെയാണ് ഈ സർവകലാശാലകളുടെ ആഗോള റാങ്കിങ്. സിങ്കപ്പൂരിലെ നാൻയാംഗ് സർവകലാശാലയാണ് ആഗോള റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഫ്രാൻസിലെ പിഎസ്എൽ റിസർച്ച് യൂണിവേഴ്സിറ്റി രണ്ടാം റാങ്കും ഹോംങ്കോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി മൂന്നാം റാങ്കും നേടി. വിപുലമായ അടിസ്ഥാന സൗകര്യ വികസനവും സർവകലാശാലാ സമൂഹത്തിന്റെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനങ്ങളുമാണ് മികച്ച നേട്ടം കൈവരിക്കാൻ സഹായകമാകുന്നതെന്ന് വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ പറഞ്ഞു.
English Summary: Times Young University Ranking; MG retained the first position in the country
You may also like this video